ന്യൂഡൽഹി
വർഗീയ കലാപത്തിനു പിന്നാലെ ഡൽഹി ജഹാംഗിർപുരിയിൽ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് നടത്തിയ “കൈയേറ്റം ഒഴിപ്പിക്കലി’ല്‍ സുപ്രീംകോടതി ഇടപെട്ടതോടെ തടിരക്ഷിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി.
സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുംമുമ്പ് ഇരുവിഭാഗത്തിനും സ്വാധീനമുള്ള പ്രദേശങ്ങളിലടക്കം പൊളിക്കൽ നടത്തി മറ്റുലക്ഷ്യമില്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം. കൈയേറ്റമൊഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ അദേഷ് ഗുപ്ത ബിജെപി ഭരിക്കുന്ന കിഴക്കന്‍ ഡല്‍ഹി, തെക്കന്‍ ഡല്‍ഹി കോർപറേഷനുകൾക്ക് കത്തുനൽകി. പൗരത്വ ബില്ലിനെതിരെ വൻ പ്രക്ഷോഭം അരങ്ങേറിയ തെക്കൻ ഡൽഹിയിലെ ഷഹീൻബാഗ്, ഓക്ല തുടങ്ങിയ ഇടങ്ങളിലും ഒഴിപ്പിക്കല്‍ നടത്തും.
മദൻപുർ ഖദർ, ജസോല, സരിത വിഹാർ, ശ്രീനിവാസ്പുരി എന്നിവിടങ്ങളിലും ഉടൻ ഒഴിപ്പിക്കലുണ്ടാകുമെന്ന് മേയർ മുകേഷ് സൂര്യൻ പറഞ്ഞു. വെള്ളിയാഴ്ച നജഫ്ഗഡ് സോണിലെ പൊളിക്കലിന് മേയർ നേരിട്ട് മേൽനോട്ടം വഹിച്ചു. കിഴക്കൻ ഡൽഹി കോർപറേഷൻ പരിധിയിൽ ലക്ഷ്മി നഗർ, ജഫ്രാബാദ്, ത്രിലോക്പുരി, കൃഷ്ണനഗർ, സീംപുരി, ഗാന്ധി നഗർ, സീലാംപുർ എന്നിവിടങ്ങളിലാകും ഒഴിപ്പിക്കൽ. നെഹ്റുപ്ലേസ്, രവി ദാസ് മാർഗ്, വസന്ത് കുഞ്ച്, രോഹിണി പ്രദേശങ്ങളിൽ ഇതിനോടകം ചെറു ഒഴിപ്പിക്കലുകൾ നടന്നു.
തൽസ്ഥിതി തുടരാനുള്ള ഉത്തരവിനുശേഷവും ജഹാംഗിർപുരിയിൽ ഉത്തര ഡൽഹി കോർപറേഷൻ പൊളിക്കൽ തുടര്‍ന്നത് ഗൗരവമായി കാണുമെന്നും നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. അനധികൃതകൈയ്യേറ്റം ഒഴിപ്പിക്കല്‍ അല്ല, ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഉണ്ടായതെന്ന് സിപിഐ എം നേതാവ് ബൃന്ദ കാരാട്ടടക്കം കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.