ശ്രീനഗർ
ജമ്മു കശ്മീരിൽ കരസേന പ്രദേശവാസികൾക്കായി നടത്തിയ ഇഫ്താർ വിരുന്നിനെ സംഘപരിവാർ അനുകൂല ചാനലായ സുദർശൻ ടിവിയുടെ തലവൻ അപഹസിച്ചതോടെ ഔദ്യോഗിക അക്കൗണ്ടിലെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ജമ്മു പിആർഒ.
ഡോഡ ജില്ലയിലെ അർനോരയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിന്റെ ചിത്രങ്ങൾ ‘മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു’ എന്ന കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തത്. ഉന്നത സെെനിക ഉദ്യോഗസ്ഥർ പ്രദേശവാസികളുമായി സംസാരിക്കുന്നതും യൂണിഫോമിലുള്ള സെെനികർ നിസ്കരിക്കുന്നതിന്റെയും ചിത്രങ്ങൾ പിആർഒ ട്വീറ്റ് ചെയ്തു. ‘ഈ രോഗം കരസേനയിലേക്കും പകർന്നത് ദുഃഖകരമാണ്’ എന്നാണ് സുദർശൻ ടിവി എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവാങ്കെ ഇതിനോട് പ്രതികരിച്ചത്. പിന്നാലെ പിആർഒ ട്വീറ്റ് ഡിലീറ്റ് ചെയ്തു. മുൻ സെെനിക ഉദ്യോഗസ്ഥർ ഇതിനെതിരെ രൂക്ഷമായി വിമർശിച്ചു.
ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനും തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ പ്രദേശവാസികളുടെ സഹകരണം ഉറപ്പിക്കുന്നതിനും സെെന്യം കാലങ്ങളായി പിന്തുടരുന്നതാണിതെന്ന് റിട്ട. ലഫ്. ജനറൽ തേജ് സാപ്രു ട്വീറ്റ് ചെയ്തു.