ന്യൂഡൽഹി
ജനാധിപത്യവും നാനാത്വവും അടക്കം സുപ്രധാന ഭാഗങ്ങൾ പാഠ്യപദ്ധതിയിൽനിന്ന് വെട്ടിമാറ്റി സിബിഎസ്ഇ. 10, 11, 12 ക്ലാസുകളിലാണ് ഒഴിവാക്കൽ. പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ നിന്ന് ജനാധിപത്യവും നാനാത്വവും അടങ്ങുന്ന പാഠഭാഗം ഒഴിവാക്കി. കൂടാതെ ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, ജനാധിപത്യത്തിന്റെ വെല്ലുവിളികൾ, ആഗോളവൽക്കരണത്തിന്റെ ആഘാതം കാർഷികമേഖലയിൽ തുടങ്ങിയ ഭാഗങ്ങളും വെട്ടിമാറ്റി.
വിശ്വവിഖ്യാതനായ പാക് കവി ഫയീസ് അഹമ്മദ് ഫയീസിന്റെ ഉറുദു കവിതയുടെ വിവർത്തന ശകലങ്ങളും പഠിക്കേണ്ടെന്നാണ് തീരുമാനം. ഡെമോക്രാറ്റിക് പൊളിറ്റിക്സ് രണ്ടാം ഭാഗത്തിൽ പതിറ്റാണ്ടുകളായി ഉൾപ്പെടുത്തിയിരുന്നതാണ് ഫയീസിന്റെ വരികൾ.
12––ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് സിലബസിൽനിന്ന് ‘ശീതയുദ്ധകാലഘട്ടം, ചേരിചേരാ പ്രസ്ഥാനം’ എന്നിവ നീക്കി. ചരിത്രപുസ്തകത്തില്‍ നിന്ന് മുഗള്‍ കോടതികളുടെ പ്രധാന്യത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ വേണ്ടെന്നുവച്ചു. 11–-ാം ക്ലാസിലെ ചരിത്രപാഠഭാഗത്തുനിന്ന് ഇസ്ലാമിക സാമ്രാജ്യങ്ങളെക്കുറിച്ചുള്ള ‘മധ്യ ഇസ്ലാമിക ഭൂപ്രദേശങ്ങൾ’ എന്ന ഭാഗവും നീക്കി.
ഇതോടാെപ്പം രാഷ്ട്രീയ പ്രാധാന്യമുള്ള രണ്ടു കാർട്ടൂണും സിബിഎസ്ഇ വെട്ടി.
പതിനൊന്നാം ക്ലാസിൽ ഫെഡറലിസം, ദേശീയത, മതനിരപേക്ഷത തുടങ്ങിയ പാഠഭാഗങ്ങൾ നിർബന്ധമല്ലാതാക്കി. പാഠ്യപദ്ധതി യുക്തിഭദ്രമാക്കുന്നുവെന്ന പേരില്‍ 2020ല്‍ പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ നിന്നും ഫെഡറലിസം, പൗരത്വം, ദേശീയത, മതനിരപേക്ഷത തുടങ്ങിയ ഭാഗങ്ങള്‍ പ്രാധാന്യമില്ലാത്ത വിഭാഗമാക്കിമാറ്റിയത് രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവച്ചു.