ന്യൂഡൽഹി
വെട്ടിക്കുറച്ച എൽഐസി ഓഹരിവിൽപ്പന ഈ ആഴ്ച തുടങ്ങിയേക്കും. മെയ് രണ്ടിന് തുടങ്ങിയാൽ മതിയെന്ന ആലോചനയുമുണ്ട്. മാർച്ചിൽ നടത്താനിരുന്ന 31.6 കോടി ഓഹരികളുടെ ഐപിഒ(ഇനിഷ്യൽ പബ്ലിക് ഓഫർ) ഉക്രയ്ൻ യുദ്ധത്തിന്റെ സാഹചര്യത്തിലാണ് മാറ്റിയത്.
വിപണിയിൽ പ്രതികൂലസ്ഥിതി തുടരുന്നതിനാൽ പ്രാഥമിക വിൽപ്പന 55,000–-60,000 കോടിയിൽനിന്ന് 21,000 കോടിയായി വെട്ടിക്കുറയ്ക്കും. വിൽപ്പനയോട് വിപണി മെച്ചപ്പെട്ട രീതിയിൽ പ്രതികരിച്ചാൽ 9000 കോടി രൂപയുടെ ഓഹരികൂടി വിറ്റഴിക്കും.
ഐപിഒയിൽ 35 ശതമാനം ഓഹരി ചെറുകിട നിക്ഷേപകർക്കും 10 ശതമാനം പോളിസി ഉടമകൾക്കും അഞ്ച് ശതമാനം എൽഐസി ജീവനക്കാർക്കും നൽകും. മറ്റ് മേഖലകളിൽ വിറ്റഴിക്കൽ ഇഴയുന്നതിനാൽ എൽഐസി വഴി നടപ്പുവർഷം പരമാവധി പണം സമാഹരിക്കലാണ് കേന്ദ്രസർക്കാർ ലക്ഷ്യം. എൽഐസിയുടെ മൊത്തം ഓഹരിമൂല്യം 11 ലക്ഷം കോടി രൂപയിൽനിന്ന് ആറ് ലക്ഷം കോടിയായി വെട്ടിക്കുറച്ചു.
ഐപിഒ മെയ് 12നകം നടത്താനായില്ലെങ്കിൽ പുതിയ പാദത്തിലെ കണക്ക് ഉൾപ്പെടുത്താൻ ആഗസ്ത്–-സെപ്തംബർ വരെ നീട്ടേണ്ടിവരും.