തിരുവനന്തപുരം
ഇന്ത്യൻ വിദ്യാർഥികളുടെ പാകിസ്ഥാനിലെ ഉന്നതവിദ്യാഭ്യാസം വിലക്കി കേന്ദ്രസർക്കാർ. പാകിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്നാൽ ഇന്ത്യയിൽ തുടർ പഠനമോ ജോലിയോ അനുവദിക്കില്ലെന്നുകാട്ടി യുജിസിയും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനും(എഐസിടിഇ) സംയുക്ത നോട്ടീസിറക്കി. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കും വിലക്ക് ബാധകമാണ്.
പാകിസ്ഥാനിലെ കോഴ്സിന് ഇന്ത്യയിലെ കോഴ്സുമായി തുല്യത നൽകില്ലെന്നാണ് യുജിസി നിലപാട്. പാകിസ്ഥാനിൽനിന്ന് ബിരുദം നേടിയവരും ഇന്ത്യ പൗരത്വം നൽകിയവർക്കും അവരുടെ കുട്ടികൾക്കും ആഭ്യന്തര മന്ത്രാലയ അനുമതിയോടെ ഇന്ത്യയിൽ ജോലി തേടാം. പാക് അധീന കശ്മീരിൽ പഠിക്കുന്നതിനെതിരെ 2019ൽ യുജിസി നോട്ടീസ് പുറത്തിറക്കിയിരുന്നു.