കൊച്ചി
പലചരക്കുവ്യാപാര സ്ഥാപനമായ ഫ്യൂച്ചർ ഗ്രൂപ്പ് സ്വന്തമാക്കാൻ ശ്രമിച്ച മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് തിരിച്ചടി. ഫ്യൂച്ചർ ഗ്രൂപ്പിന്റെ മൊത്ത, ചില്ലറ വ്യാപാരവും ലോജിസ്റ്റിക്സ്, വെയർഹൗസിങ് ബിസിനസും ഏറ്റെടുക്കാനുള്ള 24,713 കോടി രൂപയുടെ പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്ന് റിലയൻസ് പ്രഖ്യാപിച്ചു. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബാങ്കുകളും ധനസ്ഥാപനങ്ങളും ഉൾപ്പെടുന്ന സെക്യൂർഡ് ക്രെഡിറ്റർമാരിൽ ഭൂരിപക്ഷവും ഇടപാടിനെതിരെ വോട്ട് ചെയ്തതോടെയാണ് റിലയൻസിന് പിൻവാങ്ങേണ്ടി വന്നത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയാണ് പ്രധാനമായും ഫ്യൂച്ചർ റീട്ടെയിലിന് വായ്പ നൽകിയിട്ടുള്ളത്.
2020 ആഗസ്തിലാണ് 19 കമ്പനികൾ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപകമ്പനിയായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന് (ആർആർവിഎൽ) വിൽക്കാൻ തീരുമാനിച്ചതായി ഫ്യൂച്ചർ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ചില്ലറ വ്യാപാരമേഖലയിൽ മേൽക്കൈ നേടിയെടുക്കാനുള്ള റിലയൻസ് നീക്കത്തിനെതിരെ ആഗോള റീട്ടെയിൽ ഭീമനായ ആമസോൺ കോടതിയെ സമീപിച്ചു.
—ഫ്യൂച്ചർ റീട്ടെയിൽ തങ്ങളുമായി നേരത്തേയുണ്ടാക്കിയ കരാറിന് വിരുദ്ധമായാണ് റിലയൻസിന് വിൽക്കാൻ ഒരുങ്ങുന്നതെന്ന് ആമസോൺ വാദിക്കുകയും ഡൽഹി ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) അനുവദിച്ചാണ് ഓഹരി ഉടമകളുടെയും വായ്പദാതാക്കളുടെയും യോഗം ഫ്യൂച്ചർ ഗ്രൂപ്പ് വിളിച്ചത്. ഇതിലാണ് റിലയൻസ് തിരിച്ചടി നേരിട്ടത്.