ആലപ്പുഴ
തീരവാസികളുടെ സാമ്പത്തിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ശുചിത്വതീരം ശുചിത്വ സാഗരം പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ഫിഷറീസ്മന്ത്രി സജി ചെറിയാൻ. ജോലിക്കിടെ മരിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ക്ഷേമനിധി ബോർഡിന്റെ അപകടമരണ ഗ്രൂപ്പ് ഇൻഷുറൻസ് തുക വിതരണം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ വിവിധ ഘട്ടങ്ങളിൽ 16,500 കോടി നിക്ഷേപിച്ചിട്ടുണ്ട്. ജോലിക്കിടെ അപകടങ്ങളിൽ മത്സ്യത്തൊഴിലാളി മരിച്ചാൽ ആറുമാസത്തിനുള്ളിൽ ഇൻഷുറൻസ് പണം ലഭ്യമാക്കണം. ഇതിന് ആവശ്യമായ രേഖകൾ ഹാജരാക്കേണ്ട ഉത്തരവാദിത്വം ഫിഷറീസ് ഓഫീസർമാർക്കാണ്.
ഇൻഷുറൻസ് ഇല്ലാതെ അപകടങ്ങളിൽ മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് അഞ്ചുലക്ഷം സർക്കാർ ലഭ്യമാക്കും.
ഹൃദയസ്തംഭനമുണ്ടായി മരിച്ചവരുടെ കുടുംബത്തിനും ഈ തുക നൽകും. ഗുണഭോക്താക്കൾ അടയ്ക്കേണ്ട തുകയുടെ 10 ശതമാനം ഇനി മുതൽ സർക്കാർ അടയ്ക്കും. ഇൻഷുറൻസ് ഇല്ലാത്തവർ മത്സ്യബന്ധനത്തിൽ ഏർപ്പെടരുത്. മണ്ണെണ്ണ നിർത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ നിലപാടെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ അപകടങ്ങളിൽ മരിച്ച ചാണി വെളിയിൽ മോഹനൻ, തിരുനെല്ലൂർ വേലിക്കകത്ത് ഷാജി ഭാസ്കരൻ, പാണാവള്ളി കുറ്റിക്കര വളപ്പിൽ തങ്കച്ചൻ, തറയിൽകടവ് പുത്തൻ പറമ്പിൽ സുനിൽ എന്നിവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതമുള്ള സഹായധനമാണ് നൽകിയത്. തിരുവമ്പാടി റീജിയണൽ ഓഫീസിൽ ചേർന്നയോഗത്തിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി.