ശ്രീനഗർ
പ്രധാനമന്ത്രി നരേന്ദ്ര മോദി 24ന് സന്ദര്‍ശിക്കാനിരിക്കെ ജമ്മുകശ്മീരില്‍ ഭീകരാക്രമണ പരമ്പര. സിഐഎസ്എഫ് ജവാന് വീരമൃത്യു. എഎസ്ഐ എസ് പി പട്ടേലാണ് കൊല്ലപ്പെട്ടത്. തിരിച്ചടിയിൽ 4 ഭീകരരെ വധിച്ചു. വെള്ളി പുലർച്ചെ 3.30ന് ഛദ്ദ ക്യാമ്പിൽനിന്ന് ഡ്യൂട്ടിക്ക് പുറപ്പെട്ട സിഐഎസ്എഫ് വാഹനത്തിന് നേരെയും, ബാരാമുള്ളയിലുമാണ് ഭീകരാക്രമണമുണ്ടായത്. കൊല്ലപ്പെട്ട ഭീകരന്മാരിൽനിന്ന് എകെ 47 തോക്കും ഉപഗ്രഹ ഫോണും രേഖകളും പിടിച്ചെടുത്തു. ആക്രമണം നടത്തിയവർ ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങളാണെന്നും സുരക്ഷാസേനകളുടെ ക്യാമ്പിൽ ആക്രമണം നടത്തുകയായിരുന്നു ഉദ്ദേശ്യമെന്നും ഡിജിപി ദിൽബാഗ് സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിർത്തി വഴി നുഴഞ്ഞുകയറിയ ഇവർ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി വ്യാപക ആക്രമണം അഴിച്ചുവിടാൻ പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കന്റോൺമെന്റ് ഏരിയക്ക് സമീപമുള്ള ജലാലാബാദ് സുൻജ്വാനിൽ ഭീകരരുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസും സൈന്യവും തിരച്ചിൽ ശക്തമാക്കിയതിനു പിന്നാലെയാണ് ആക്രമണം. സംഭവത്തെ തുടർന്ന് പ്രദേശത്തെ സ്കൂൾ അടച്ചു. കശ്മീരിനെ വെട്ടിമുറിച്ചതിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര കശ്മീരിലെത്തുന്നത്.