ശ്രീനഗർ
കശ്മീരിലെ വരണ്ടുതുടങ്ങിയ ആപ്പിൾ തോട്ടങ്ങൾക്കുമേൽ സന്തോഷമഴ പെയ്തിറങ്ങി. തെക്കൻ കശ്മീർ മേഖലയിലാണ് ബുധനാഴ്ച മുതൽ മഴ തുടങ്ങിയത്. ഇതോടെ ആപ്പിൾ കൃഷി പഴയ പ്രതാപത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വെള്ളം കുറഞ്ഞതും താപനില ഉയർന്നുനിന്നതുമാണ് കർഷകരെ വലച്ചത്. മരങ്ങൾ പൂവിടുന്ന സമയത്ത് താപനില ഉയർന്നാൽ അത് ഉൽപ്പാദനത്തെ ബാധിക്കും. ആ ആശങ്കയ്ക്കുമേലാണ് ആശ്വാസമഴ തിമിർത്തത്.
ഈ സമയത്തെ മഴ ആപ്പിളിന്റെ ഗുണമേന്മയും ഉൽപ്പാദനവും കൂട്ടാൻ സഹായിക്കുമെന്ന് കർഷകനും ഷോപ്പിയാൻ പഴച്ചന്തയിലെ മുൻ അസോസിയേഷൻ പ്രസിഡന്റുമായ അഷ്റഫ് വാനി പറഞ്ഞു. കാലാവസ്ഥ തുടർന്നാൽ ഈ വർഷം റെക്കോഡ് ഉൽപ്പാദനമാകും ഉണ്ടാകുക. എല്ലായിടത്തും കനാൽ ജലമെത്താത്തതിനാൽ മഴയെ ആശ്രയിച്ചാണ് കൃഷി നടക്കുന്നതെന്ന് കുൽഗാമിലെ കർഷകനായ അബ്ദുൾ റഷീദും പറഞ്ഞു. താപനില ക്രമാതീതമായി ഉയർന്നതോടെ ഏപ്രിൽ ഏഴിന് ജലസേചനം ഉടൻ നടത്തണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടിരുന്നു. താഴ്വരയിലെ 35 ലക്ഷം പേരും ആപ്പിൾ കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ്. 2018–-19ൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ആപ്പിളടക്കമുള്ള വിളകൾ വ്യാപകമായി നശിച്ചു. 2020ൽ ഷോപ്പിയാൻ, പുൽവാമ മേഖലയിലെ എൺപത് ശതമാനം കൃഷിയിടങ്ങളിലും രോഗബാധയുണ്ടായും വൻ നഷ്ടമുണ്ടായി.