തിരുവനന്തപുരം
ലിംഗസമത്വം, ലിംഗാവബോധം, ലിംഗനീതി എന്നിവ മുൻനിർത്തി ഗേൾസ്, ബോയ്സ് സ്കൂളുകൾ മിക്സഡാക്കാൻ കൂടുതൽ അപേക്ഷ ലഭിക്കുന്നതായി പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. താൽപ്പര്യമുള്ള സ്കൂളുകൾ പിടിഎ, തദ്ദേശസ്ഥാപനവുമായി ആലോചിച്ച് ശുപാർശ ചെയ്താൽ മിക്സഡ് സ്കൂൾ അനുവദിക്കും.എട്ടാം ക്ലാസുവരെയുള്ള സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പോഷകസമൃദ്ധമാക്കാൻ സർക്കാർ ഫണ്ടിനൊപ്പം പ്രാദേശിക സംഭാവനയും സ്വീകരിക്കും.12,306 സ്കൂളിലെ 30 ലക്ഷം കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം പാൽ, ഒരു ദിവസം മുട്ട/ നേന്ത്രപ്പഴം എന്നിവ നിലവിൽ നൽകുന്നു. ഇവ ദിവസവും നൽകുകയാണ് ലക്ഷ്യം. സ്കൂളുകളിൽ പച്ചക്കറിത്തോട്ടങ്ങളും സജ്ജീകരിക്കും.
യൂണിഫോം സ്കൂളിന് തീരുമാനിക്കാം
യൂണിഫോമുകൾ അതത് സ്കൂൾക്ക് തീരുമാനിക്കാം. വിവാദങ്ങൾ ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 7077 സ്കൂളിലെ 9,58,060 കുട്ടികൾക്ക് കൈത്തറി യൂണിഫോം നൽകാൻ 120 കോടി രൂപ ചെലവഴിക്കും. 2.08 ലക്ഷം മീറ്റർ തുണിയാണ് വിതരണം ചെയ്യുക. സംസ്ഥാനതല വിതരണോദ്ഘാടനം മെയ് ആറിന് കോഴിക്കോട്ട്.
മൂല്യനിർണയ
പ്രതിഫലം
ഒരു ദിവസം രണ്ടു സെഷനിലായി 30 ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുമ്പോൾ ഒന്നിന് എട്ടു രൂപ നിരക്കിൽ 240 രൂപ അധ്യാപകർക്ക് ലഭിക്കും. 600 രൂപ ഡിഎയും ക്യാമ്പുകളിൽ എത്താനുള്ള യാത്ര അലവൻസും നൽകും. ഇങ്ങനെ ദിവസവും രണ്ടായിരത്തഞ്ഞൂറിലധികം രൂപയുടെ ആനുകൂല്യം ലഭിക്കും. മൂല്യനിർണയ പ്രതിഫലത്തുക ഉയർത്തൽ സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.