ന്യൂഡൽഹി
രാജ്യത്തെ കോവിഡ് മരണം 40 ലക്ഷമാണെന്ന ലോകാരോഗ്യ സംഘടനയുടെ കണക്കിനുമുന്നിൽ പതറി കേന്ദ്രസർക്കാർ. ഔദ്യോഗിക രേഖയനുസരിച്ച് 5.20 ലക്ഷംപേർ മാത്രമാണ് രാജ്യത്ത് കോവിഡിനിരയായതെന്ന വാദം ഉയര്‍ത്തുന്നെങ്കിലും ലോകാരോഗ്യ സംഘടനയുടെ കണക്ക് പൂർണമായി തള്ളാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറായിട്ടില്ല. ലോകത്തെ കോവിഡ് മരണങ്ങളിൽ കൂടുതല്‍ ഇന്ത്യയിലാണെന്നും വിവരം ശേഖരിക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ ലോകാരോഗ്യ സംഘടനയെ തടയുകയാണെന്നും ന്യൂയോർക്ക് ടൈംസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതിന് മറുപടിയായി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന വിവരശേഖരണത്തിന് സംഘടന ഉപയോഗിച്ച രീതിശാസ്ത്രത്തെയാണ് പഴിക്കുന്നത്. മരണസംഖ്യ നാൽപ്പതുലക്ഷമാണെന്ന കണ്ടെത്തലിനോട് പ്രാഥമികമായി വിയോജിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന അവലംബിച്ച വിവരശേഖരണ രീതി ചൈനയും ബംഗ്ലാദേശും ചോദ്യം ചെയ്തിട്ടുള്ളതാണ്. തുടക്കംമുതൽ ഇന്ത്യ വിവരങ്ങൾ പങ്കുവച്ചിരുന്നെന്നും മന്ത്രാലയം അവകാശപ്പെട്ടു. കോവിഡ് കൈാര്യം ചെയ്തതിൽ കേന്ദ്രസർക്കാരിന് പിഴച്ചെന്ന ന്യൂയോർക്ക് ടൈംസിന്റെ സെപ്തംബറിലെ ലേഖനം ശ്രദ്ധയാകർഷിക്കാനുള്ള നടപടിയെന്നും സർക്കാർ വിശേഷിപ്പിക്കുന്നു. ഗുജറാത്തിൽ ബുധനാഴ്ച നടക്കുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ കേന്ദ്രങ്ങളുടെ നാലാം വാർഷികാഘോഷത്തിൽ ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനം ഗെബ്രിയേസസ് പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കും.