കണ്ണൂർ
സിപിഐ എം പാർടി കോൺഗ്രസിനെ അവഹേളിക്കാൻ മറ്റൊന്നും കിട്ടാത്തതിനാലാണ് വാടകയ്ക്കെടുത്ത വാഹനത്തിന്റെപേരിൽ അപവാദ പ്രചാരണം നടത്തുന്നതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. കുറഞ്ഞ നിരക്ക് വാഗ്ദാനംചെയ്തതും കൂടുതൽ വാഹനം നൽകാൻ തയ്യാറുള്ളതുമായ ഏജൻസിക്കാണ് കരാർ നൽകിയത്. ഇവരാണ് വാഹനങ്ങൾ ഏർപ്പാടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാർടി നേതാക്കൾക്കും പ്രതിനിധികൾക്കുമായി 58 വാഹനമാണ് വാടകയ്ക്കെടുത്തത്. ആരുടെയും രാഷ്ട്രീയം നോക്കിയിട്ടില്ല. 14 ഇന്നോവ, 22 ട്രാവലർ, 8 ടവേര, 14 ബസ് എന്നിവ 28 ഉടമകളുടേതാണ്. ട്രാവലർ, ടവേര, ബസുകൾ എന്നിവ പ്രാദേശികമായാണ് എടുത്തത്. എയർപോർട്ടിൽ സേവനം നടത്തുന്ന കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസാണ് 14 ഇന്നോവ നൽകിയത്.
ക്വട്ടേഷൻ ക്ഷണിച്ചാണ് വാഹനങ്ങളെടുത്തത്. പാർടി കോൺഗ്രസ് ചരിത്ര സംഭവമായി മാറി. സിപിഐ എമ്മുകാരല്ലാത്തവർപോലും പരിപാടികളിൽ പങ്കെടുത്തു. ഈ വിജയത്തിൽ വിറളിപൂണ്ടവരാണ് ഇപ്പോൾ അപവാദം പ്രചരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ ഇതിൽ വലിച്ചിഴച്ചത് മനഃപൂർവമാണ്. കണ്ണൂരിൽ പരിപാടി നടക്കുമ്പോൾ കോഴിക്കാട് ജില്ലാ കമ്മിറ്റി വാഹനം വാടകയ്ക്കെടുക്കേണ്ട കാര്യമില്ല. പൊളിറ്റ്ബ്യൂറോ അംഗം ഉൾപ്പെടെയുള്ള ബംഗാളിൽനിന്നുള്ള പ്രതിനിധികൾക്ക് കൊച്ചി വിമാനത്താവളത്തിൽനിന്ന് വരുന്നതിന് എറണാകുളം ജില്ലാ കമ്മിറ്റി വാഹനം ഏർപ്പെടുത്തിയിരുന്നു. ജമ്മു കശ്മീരിൽനിന്നുള്ള മൂന്ന് പേർക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വരാൻ മലപ്പുറം ജില്ലാ കമ്മിറ്റി വാഹനം ഏർപ്പെടുത്തി. വാടക കണ്ണൂരിൽനിന്നാണ് നൽകിയത്. ഉടമകളെ ആരെയും അറിയില്ല. ട്രാവൽ ഏജൻസിയുമായിമാത്രമാണ് സംഘാടകസമിതിക്ക് ബന്ധമുള്ളത്.
സീതാറാം യെച്ചൂരി പാർടി കോൺഗ്രസ് ദിവസങ്ങളിൽ ഉപയോഗിച്ച വാഹനം കെഎൽ 13 എആർ 2707 നമ്പറിലുള്ളതാണ്. എയർപോർട്ടിൽ ഇറങ്ങിയ നേതാക്കളെ കണ്ണൂരിലെത്തിക്കാൻ ഏജൻസി വേറെയും വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. യെച്ചൂരി വന്നുവെന്നു പറയുന്ന വാഹനം രാഷ്ട്രപതിയുടെ ഏഴിമല സന്ദർശനത്തിൽ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ടതാണ്. ഉന്നത സൈനികോദ്യോഗസ്ഥർക്ക് സഞ്ചരിക്കാനും ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.
ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനത്തിന്റെ പന്തൽ കണ്ണൂരിൽ പലതവണ സിപിഐ എം പരിപാടികൾക്ക് ഉപയോഗിച്ചിട്ടുണ്ട്. വാഹനം, പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങിയവ വാടകയ്ക്കെടുക്കുന്നതിൽ രാഷ്ട്രീയം നോക്കാനാവില്ല. പാർടി കോൺഗ്രസ് ആവശ്യത്തിന് ഓടിയ വാഹനങ്ങളിൽ കോൺഗ്രസ്, ബിജെപി അനുഭാവികളുടേതും ഉണ്ടായിരുന്നു.
എസ്ഡിപിഐയുമായി സിപിഐ എമ്മിന് ബന്ധമുണ്ടെന്നാണ് പ്രചരിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ നാലുപേർ ഉൾപ്പെടെ സംസ്ഥാനത്തെ ഒമ്പത് സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തിയ എസ്ഡിപിഐയുമായി ഒരു സന്ധിയും ഉണ്ടാവില്ല. ആർഎസ്എസ്സിനെയും എസ്ഡിപിഐയെയും ഒരുപോലെ എതിർക്കുന്ന പാർടിയാണ് സിപിഐ എം. പാലക്കാട്ടെ സംഭവങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ആർഎസ്എസ് കള്ളപ്രചാരണം നടത്തുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.
മാധ്യമങ്ങൾക്ക് പരിഭ്രാന്തി
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ പരിഭ്രാന്തരായ വലതുപക്ഷ മാധ്യങ്ങൾ മറ്റൊന്നും പറയാനില്ലാതെ ഒരു കാറിന്റെപേരിൽ വിവാദത്തിന് ശ്രമിക്കുന്നു. സമ്മേളന ദിവസങ്ങളിൽ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുവേണ്ടി ഉപയോഗിച്ച കാറിനെച്ചൊല്ലി ബിജെപിയുണ്ടാക്കിയ വിവാദമാണ് ഒരുപറ്റം മാധ്യമങ്ങളും ഏറ്റുപിടിച്ചത്. കാർ ക്രിമിനൽ കേസിലുൾപ്പെട്ടയാളുടേതാണെന്നായിരുന്നു ആദ്യ വിവാദം. പിന്നീട്, എസ്ഡിപിഐക്കാരന്റെ കാറെന്നായി. താൻ മുസ്ലിംലീഗുകാരനാണെന്ന് കാറുടമതന്നെ വെളിപ്പെടുത്തി. എസ്ഡിപിഐക്കാരനെന്ന് ആരോപിക്കുന്നവരെ അത് തെളിയിക്കാൻ വെല്ലുവിളിക്കുകയുംചെയ്തിട്ടുണ്ട്.
പാർടി കോൺഗ്രസിന് വാടകയ്ക്കെടുത്ത വാഹനം ഉപയോഗിച്ചത് വിവാദമാക്കേണ്ടതില്ല. വർഷങ്ങളായി പ്രവർത്തിക്കുന്ന ഏജൻസിക്കെതിരെ ഇതിനുമുമ്പ് ആർക്കും പരാതിയുണ്ടായിട്ടില്ല. 26 സംസ്ഥാനങ്ങളിൽനിന്നായി എണ്ണൂറ്റമ്പതോളം പ്രതിനിധികൾ പാർടി കോൺഗ്രസിൽ പങ്കെടുത്തു.
ഇവരുടെ യാത്രക്കായി വിപുലമായ സംവിധാനമൊരുക്കി. എന്നിട്ടും ഒരു വാഹനത്തിന്റെപേരിലാണ് കള്ളക്കഥ. സംഘടനാപരമായും രാഷ്ട്രീയമായും പാർടി കോൺഗ്രസിനെ വിമർശിക്കാൻ ഒന്നുമില്ലാതായപ്പോഴാണ് നിലവാരം കുറഞ്ഞ ആരോപണം.