കൊൽക്കത്ത> പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിൽ കോൺഗ്രസ് കൗൺസിലർ തപൻ കണ്ഡുവിനെ കൊലപ്പെടുത്തിയ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു. പ്രൈമറി സ്കൂളിലെ അനധ്യാപക ജീവനക്കാരനായ ഇയാളെ 21 മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് ചെയ്തത്.
കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കേസ് സംസ്ഥാന പൊലീസിൽനിന്ന് സിബിഐ ഏറ്റെടുത്തത്. മാർച്ച് 13ന് പുലർച്ചെ പ്രഭാതസവാരിക്കിടെയാണ് കോൺഗ്രസ് കൗൺസിലറായ തപൻ കണ്ഡു വെടിയേറ്റ് മരിച്ചത്. ജൽദ മുനിസിപ്പാലിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്ന് ആഴ്ചകൾക്കുശേഷമായിരുന്നു കൊലപാതകം. കൊലപാതകത്തിലെ പ്രധാന ദൃക്സാക്ഷിയും കണ്ഡുവിന്റെ സുഹൃത്തുമായ നിരഞ്ജൻ ബൈഷ്നാബിനെ കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.