കൊച്ചി> സമൂഹത്തിന്റെ പുനര്‍ നിര്‍മിതി പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാമനവമി ആഘോഷങ്ങള്‍ വര്‍ഗീയമാക്കാനും മറ്റ് മതവിഭാഗത്തില്‍പ്പെട്ടവരെ ആക്രമിക്കാനുള്ള അവസരമാക്കി മാറ്റാനും സംഘപരിവാര്‍ ശ്രമിക്കുകയാണ്. മതനിരപേക്ഷത ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയടക്കമുള്ള ഉന്നത ഭരണാധികാരികള്‍ക്ക് വരെ അപലപിക്കാനാകുന്നില്ല. രാജ്യം എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. എല്ലാ മതങ്ങള്‍ക്കും ഭരണഘടന വിശ്വാസ സ്വാതന്ത്ര്യം
ഉറപ്പു നല്‍കുന്നുണ്ട്.രാജ്യത്തെ സാമ്പത്തിക നയം അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നു.കോണ്‍ഗ്രസും ബി ജെ പിയും സാമ്പത്തിക കാര്യങ്ങളില്‍ ഒരേ നയം പിന്തുടരുകയാണ്. രാജ്യത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ തുറന്ന് കാട്ടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല.
പൗരത്വ ഭേദഗതി നിയമം സുരക്ഷിതത്വ ബോധം നഷ്ടപ്പെടുത്തി. ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിലപാട് ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. സംഘപരിവാറിന്റെ ആശയങ്ങളോട് സമരസപ്പെടുന്ന സമീപനമാണ് കോണ്‍ഗ്രസിന്.കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്ക് പോകുന്നവരുടെ എണ്ണം കൂടി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.