കൊൽക്കത്ത
പഞ്ചായത്ത് മെമ്പറായ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകനും കൂട്ടുകാരും ചേർന്ന് കൂട്ട ബലാൽസംഗം ചെയ്തതിനെത്തുടർന്ന് കൊല്ലപ്പെട്ട ബാലികയെയും കുടുംബത്തെയും അധിക്ഷേപിച്ച് മുഖ്യമന്ത്രി മമത ബാനർജി. ബലാത്സംഗത്തിന് ഇരയായെന്ന് എന്ത് തെളിവാണുള്ളതെന്ന് മമത ചോദിച്ചു. മമതയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായി.
ഈ മാസം നാലിന് തൃണമൂൽ നേതാവിന്റെ മകന്റെ ജന്മദിന ആഘോഷത്തിനിടെയാണ് വീട്ടുജോലി ചെയ്തിരുന്ന പതിനഞ്ചുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. മുഖ്യമന്ത്രി അക്രമികളെ സംരക്ഷിക്കുന്നതിനാലാണ് സംസ്ഥാനത്ത് കൊലപാതകവും ബലാത്സംഗവും വൻ തോതിൽ വർധിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. കൊൽക്കത്തയിൽ എസ്എഫ്ഐ പ്രവർത്തകർ മമതയുടെ കോലം കത്തിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ കരിദിനം ആചരിച്ചു.















