കൊൽക്കത്ത
ബംഗാളിൽ അസൺസോൾ ലോക്സഭാ മണ്ഡലത്തിലും ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടു. നിരവധി ബൂത്ത് കൈയേറി. എതിർ സ്ഥാനാർഥികളുടെ ഏജന്റുമാരെ പുറത്താക്കി വൻതോതിൽ കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. അസൺസോളിൽ പലയിടത്തും ബൂത്ത് പിടിക്കാനുള്ള തൃണമൂൽ ശ്രമം സിപിഐ എം പ്രവർത്തകർ ചെറുത്തു. സിപിഐ എം പ്രവർത്തകരെ വ്യാപകമായി ആക്രമിച്ചു.
ബാരാമണിയിൽ ബിജെപി സ്ഥാനാർഥി അഗ്നിമിത്ര പോളിന്റെ വാഹനം തകർത്തു. ബാലിഗഞ്ചിൽ കോൺഗ്രസ് സ്ഥാനാർഥി കമറുസ്സമാൻ ചൗധരിയുടെ വാഹനം ആക്രമിച്ചു. നിരവധിയിടങ്ങളിൽ സിപിഐ എം ഇടതുമുന്നണി വോട്ടർമാരെ തൃണമൂലുകാർ തടഞ്ഞെന്ന് ബാലിഗഞ്ചിലെ സിപിഐ എം സ്ഥാനാർഥി സൈരാ ഷാ ഹലിം പറഞ്ഞു. ബാലിഗഞ്ചിൽ 42ഉം അസൺസോളിൽ 67 ശതമാനവും വോട്ട് രേഖപ്പെടുത്തി.
ബാലിഗഞ്ചിൽ മന്ത്രി സുബ്രതാ മുഖർജിയുടെ നിര്യാണത്തെതുടർന്നും അസൺസോളിൽ മുൻ കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ ബിജെപിയിൽനിന്ന് തൃണമൂലിലേക്ക് ചേക്കേറിയതോടെയുമാണ് തെരഞ്ഞെടുപ്പ് നടന്നത്.