ന്യൂഡൽഹി
വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാനുള്ള അവകാശത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് സുപ്രീംകോടതി. അക്കാദമിക് നിലവാരവും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുക, കെടുകാര്യസ്ഥത തടയുക തുടങ്ങിയ പൊതുജന താൽപര്യങ്ങൾ മുൻനിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ, പുതിയ കോളേജുകളും കോഴ്സുകളും തുടങ്ങാനുള്ള നിയന്ത്രണങ്ങളിൽ ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ 6 (2) (എച്ച്) ഭേദഗതി ശരിവച്ചാണ് കോടതി നിരീക്ഷണം. നേരത്തെ രാജസ്ഥാൻ ഹൈക്കോടതി ഭേദഗതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഡെന്റൽ കൗൺസിൽ നൽകിയ അപ്പീൽ സുപ്രീംകോടതി ശരിവച്ചു.















