ന്യൂഡൽഹി
രാജ്യം 5ജി ഇന്റർനെറ്റിലേക്കുള്ള കുതിപ്പിന് വഴിയൊരുക്കുന്ന സ്പെക്ട്രം ലേലത്തിലും ടെലികോം കമ്പനികൾക്ക് നേട്ടത്തിന് കളമൊരുക്കി ഫ്രീക്വൻസി ബാൻഡുകളുടെ അടിസ്ഥാനവില വെട്ടിക്കുറച്ചു. 35 ശതമാനം കുറവാണ് അടിസ്ഥാനവിലയിൽ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രഖ്യാപിച്ചത്. 30 വർഷ കാലാവധിയിൽ ഒരുലക്ഷം മെഗാ ഹെട്സ് സ്പെക്ട്രങ്ങൾ നൽകുന്ന 7.5 ട്രില്യൺ രൂപയുടെ ലേലമാണ് പദ്ധതിയിടുന്നത്. 5ജി സേവനം ഒരുക്കാനുള്ള 3300–-3670 മെഗാ ഹെട്സ് ബാൻഡിന്റെ അടിസ്ഥാനവില 492 കോടിയിൽനിന്ന് 317 കോടിയായി കുറച്ചു. ഏറ്റവും ആവശ്യമേറെയുള്ള 700 മെഗാ ഹെട്സ് ബാൻഡിന്റെ അടിസ്ഥാന വില 6568 കോടിയിൽനിന്ന് 3927 കോടിയാക്കി.
കമ്പനികളുടെ സമ്മർദത്തിൽ നിരക്കുകൾ ‘ന്യായമായി ’പുതുക്കണമെന്ന് ടെലികോംമന്ത്രാലയം ട്രായ്യോട് ശുപാർശ ചെയ്തിരുന്നു. ആരോഗ്യപരമായ മത്സരത്തിനും ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ 5ജി സേവനം എത്തിക്കുന്നതിനുമാണ് അടിസ്ഥാന വില കുറയ്ക്കുന്നതെന്നാണ് ട്രായ്യുടെ വിശദീകരണം. ഇതോടെ, കുറഞ്ഞ നിരക്കിൽ കമ്പനികൾക്ക് സ്പെക്ട്രം സ്വന്തമാക്കാം.
കഴിഞ്ഞ രണ്ടുവർഷവും ഉയർന്ന വിലയിലുള്ള സ്പെക്ട്രം ലേലത്തിന് കമ്പനികൾ മുന്നോട്ടുവന്നില്ല. വില കുറയ്ക്കാനുള്ള സംഘടിത ശ്രമമാണിതെന്ന വിമർശം ഉയർന്നു. ഈ വർഷംതന്നെ സേവനം ലഭ്യമാക്കുമെന്ന് എയർടെൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ലേലത്തിൽ ടെലികോം ഇതര കമ്പനികളെ പങ്കെടുപ്പിക്കരുതെന്ന് കുത്തക കമ്പനികൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതനുവദിച്ചാൽ തങ്ങളുടെ വരുമാനം ഇടിയുമെന്നാണ് വാദം.















