ന്യൂഡൽഹി
വിലക്കയറ്റത്തിന്റെ കുതിപ്പ് വെളിപ്പെടുത്തി രാജ്യത്ത് മാര്ച്ചില് ചില്ലറ വിൽപ്പനമേഖലയിലെ പണപ്പെരുപ്പം 6.95 ശതമാനമായി വർധിച്ചു. ഭക്ഷ്യ പണപ്പെരുപ്പം ഫെബ്രുവരിയിലെ 5.85 ശതമാനത്തിൽനിന്ന് 7.68 ശതമാനമായി വർധിച്ചു.
ഗ്രാമീണ ഇന്ത്യയിലെ ഉപഭോക്താക്കൾ നഗരമേഖലയിലേതിനേക്കാള് ഉയര്ന്ന പണപ്പെരുപ്പം നേരിടുന്നു. ഗ്രാമീണ ഭക്ഷ്യവില സൂചിക 8.04 ശതമാനമായാണ് വർധിച്ചത്. സംസ്ഥാനങ്ങളിൽ ചില്ലറ വിൽപ്പനമേഖലയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം പശ്ചിമ ബംഗാളിലാണ്–- 8.85 ശതമാനം.
ഉത്തർപ്രദേശ്, അസം, മധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തൊട്ടുപിന്നിൽ. ബിഹാർ, ജമ്മു കശ്മീർ, ഹരിയാന, ജാർഖണ്ഡ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ സംസ്ഥാനങ്ങളിലും 7.4 ശതമാനംമുതൽ 7.6 ശതമാനംവരെയാണ് പണപ്പെരുപ്പ നിരക്ക്.















