ന്യൂഡൽഹി
കേന്ദ്രസർക്കാരിനെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ധർണ നടത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായി തെലങ്കാനയിലും നെല്ല് സംഭരിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സംഭരിക്കുമെന്നുള്ള ഉറപ്പ് 24 മണിക്കൂറിനുള്ളിൽ കേന്ദ്രസർക്കാർ അറിയിക്കണം. അല്ലാത്തപക്ഷം, പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്നും കെസിആർ താക്കീതുചെയ്തു. കർഷകന്റെ കണ്ണീര് വീണാൽ ഏത് സർക്കാരും വീണുപോകും.
സന്ദർശിക്കാനെത്തിയ സംസ്ഥാന ഭക്ഷ്യമന്ത്രിയോട് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ മോശമായി പെരുമാറിയെന്നും കെ ചന്ദ്രശേഖർ റാവു ആരോപിച്ചു. തെലങ്കാന ഭവന് മുന്നിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, പാർടി നേതാക്കൾ തുടങ്ങിയവരും ധർണയിൽ പങ്കെടുത്തു. കർഷക നേതാവ് രാകേഷ് ടിക്കായത്തും സമരത്തിൽ പങ്കാളിയായി.