മദീന> പ്രവാചകൻ സ്ഥാപിച്ച മസ്ജിദുൽ ഖുബാ വിപുലീകരിക്കുന്നു. മദീന സന്ദർശനത്തിനെത്തിയ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഖുബാ മസ്ജിദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചത്. മസ്ജിദിന്റെ ചുറ്റുമുള്ള പ്രദേശത്തിന്റെ വികസനം അടക്കമുള്ള പദ്ധതി രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നാമത്തിലുള്ളതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഖുബാ മസ്ജിദ് വികസിപ്പിക്കുന്നതിനും ചുറ്റുമുള്ള പ്രദേശം വികസിപ്പിക്കുന്നുമാണ് പദ്ധതി. പള്ളിയുടെ മൊത്തം വിസ്തീർണ്ണം 50,000 ചതുരശ്ര മീറ്ററായി ഉയർത്താനും നിലവിലെ വിസ്തീർണ്ണത്തിന്റെ 10 മടങ്ങ് വർദ്ധിപ്പിക്കാനും 66,000 വിശ്വാസികളെ ഉൾക്കൊള്ളാനുള്ള ശേഷി വർദ്ധിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രവാചകൻ മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്യുന്ന വേളയിൽ ഇടക്ക് തങ്ങിയ ഖുബാ എന്ന സ്ഥലത്ത് പ്രവാചകൻ നിർമ്മിച്ച ഇസ്ലാമിലെ ആദ്യത്തെ പള്ളിയാണ് ഖുബാ മസ്ജിദ്. അവിടെ വന്നു ഒരാൾ രണ്ടു റകഅത്ത് നിസ്കരിച്ചാൽ ഒരു ഉംറയുടെ പ്രതിഫലം ഉണ്ട് എന്നതാണ് പ്രവാചകൻ അറിയിച്ചിട്ടുള്ളത്.