ന്യൂഡൽഹി
നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പേ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പിരിഞ്ഞു. പ്രതിപക്ഷ വിമർശത്തിനിടെ വിവാദ ക്രിമിനൽ നടപടി ബില്ലടക്കം നിരവധി ബില്ല് കാര്യമായ ചർച്ചയില്ലാതെ പാസാക്കി. ലോക്സഭ 12 ബില്ലും രാജ്യസഭ 11 ബില്ലും പാസാക്കി. കോർപറേഷൻ തെരഞ്ഞെടുപ്പിൽ തിരിച്ചടിഭയന്ന് ഡൽഹിയിലെ മൂന്നു കോർപറേഷനെയും ലയിപ്പിക്കുന്ന ബില്ലും പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരുസഭയും പലവട്ടം സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിൽ ഒമ്പതര മണിക്കൂർ രാജ്യസഭ സ്തംഭിച്ചു. ലോക്സഭ 129 ശതമാനം ക്രിയാത്മകമായി വിനിയോഗിച്ചെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. 27 സിറ്റിങ് നടത്തി. ബജറ്റ് സമ്മേളനത്തിൽ 99.8 ശതമാനം കാര്യശേഷിയുണ്ടായെന്ന് ഉപാധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. ഈ സമ്മേളനത്തോടെ 72 എംപിമാർ രാജ്യസഭയിൽനിന്ന് വിരമിച്ചു. കേരളത്തിൽനിന്ന് എ എ റഹിം, പി സന്തോഷ്കുമാർ, ജെബി മേത്തർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.