ന്യൂഡൽഹി
മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ആകെ മരണസംഖ്യയിൽ 19 ശതമാനവും നാലു വയസ്സിൽ താഴെയുള്ളവരെന്ന് കണക്ക്. ദേശീയ സ്ഥിതിവിവരകണക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയ 2011 മുതൽ 2019 വരെയുള്ള റിപ്പോര്‍ട്ടിലാണ് കുഞ്ഞുങ്ങളുടെ കൂട്ടമരണം വ്യക്തമാകുന്നത്. കേരളത്തിലാണ് ഏറ്റവും കുറവ്. മധ്യപ്രദേശിൽ അഞ്ച് മരണത്തിൽ ഒരു കുഞ്ഞുൾപ്പെടുമ്പോൾ യുപിയിൽ ഇത് ആറിൽ ഒന്നാണ്. എന്നാൽ, കേരളത്തിലാകട്ടെ അറുപതിൽ ഒന്നാണ്. ദേശീയ ശരാശരിയാകട്ടെ ഒമ്പതിൽ ഒന്നും.
മധ്യപ്രദേശ്, യുപി എന്നിവിടങ്ങളിലെ ജനസംഖ്യയില്‍ യഥാക്രമം 9.1, 8.2 ശതമാനവും നാലുവയസ്സില്‍ താഴെയുള്ളവരാണ്. ഈ സംസ്ഥാനങ്ങളിലാകട്ടെ 80 വയസ്സിൽ കൂടുതൽ പ്രായമുള്ളവരേക്കാൾ മരിക്കുന്നതും കുഞ്ഞുങ്ങളാണ്. മധ്യപ്രദേശിൽ ആകെ മരണത്തിന്റെ 18.9 ശതമനവും കുട്ടികളാണെങ്കിൽ അറുപതുകളിൽ മരിക്കുന്നത് 17.8 ശതമാനവും എൺപതിനുശേഷം മരിക്കുന്നത് 15.1 ശതമാനവുമാണ്. യുപിയിൽ 18 ശതമാനമാണ് കുഞ്ഞുങ്ങൾ മരിക്കുന്നത്. അറുപതുകളിൽ 18.2 ശതമാനവും എൺപതുകളിൽ 15.4 ശതമാനം ആളുകളും മരിക്കുന്നു.
ഒരു വയസ്സിൽ താഴയുള്ള കുഞ്ഞുങ്ങളുടെ മരണവും ഏറ്റവും കുറവ് കേരളത്തിലാണ്. ബിഹാർ, അസം എന്നിവിടങ്ങളിലെ ശൈശവ മരണനിരക്ക് യഥാക്രമം 17, 14 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞെന്നും കണക്ക് സൂചിപ്പിക്കുന്നു.