മുംബൈ
അതിവേഗ വ്യാപനത്തിന് വഴിയൊരുക്കുന്ന ഏറ്റവും അപകടകാരിയായ കോവിഡിന്റെ എക്സ് ഇ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചതായുള്ള വാർത്ത കേന്ദ്ര സർക്കാർ നിഷേധിച്ചു. മുബൈയിൽ കണ്ടെത്തിയ സാമ്പിളിന്റെ ജനിതക പരിശോധനയിൽ എക്സ് ഇ സാമ്യം സ്ഥിരീകരിക്കാനായില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുംബെയിൽ വകഭേദം കണ്ടെത്തിയതെന്ന് ബൃഹൻ മുംബൈ കോർപറേഷനാണ് (ബിഎംസി) അറിയിച്ചത്. ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 50 കാരിയായ വസ്ത്രാലങ്കാരവിദഗ്ധയിൽ നിന്ന് ശേഖരിച്ച സാമ്പിളിന്റെ പരിശോധനയിലാണ് എക്സ്ഇ വകഭേദമെന്ന് സംശയം ഉണ്ടായത്. മാർച്ച് രണ്ടിനാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് വാക്സിനും സ്ഥീകരിച്ചിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല.
ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎ വൺ, ബിഎ ടു എന്നിവ സമന്വയിച്ച എക്സ്ഇ അതിവേഗവ്യാപനമുണ്ടാക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഏറ്റവും മാരകമെന്ന് കരുതിയ ഒമിക്രോണ്‍ ബിഎ ടു വകഭേദത്തേക്കാള്‍ പത്തുമടങ്ങ് വ്യാപനശേഷിയുള്ളതാണ് എക്സ് ഇ. ജനുവരി 19ന് ബ്രിട്ടണിലാണ് ആദ്യം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ 637 പേരിൽ കണ്ടെത്തിയിരുന്നു.