ഇസ്ലാമാബാദ്
പൊതുതെരഞ്ഞെടുപ്പിന് തീയതി നിശ്ചയിക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവി തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണ് അല്‍വി. തെരഞ്ഞെടുപ്പിന് സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുണ്ട്.
അതേസമയം, അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാത്തതില്‍ സ്വമേധയാ എടുത്ത കേസില്‍ പാക് സുപ്രീംകോടതിയില്‍ വാദം തുടരുന്നു. അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ച ദേശീയ അസംബ്ലിയുടെ മിനിറ്റ്സ് ഹാജരാക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി ബുധനാഴ്ച പിരിഞ്ഞു. വാദം വ്യാഴം രാവിലെതുടരും. പാകിസ്ഥാൻ തെഹ്രീകി ഇൻസാഫ് പാർടിക്ക് വേണ്ടി അഭിഭാഷകരായ ബാബർ അവാനും പ്രസിഡന്റ് ആരിഫ് അൽവിക്കായി അലി സഫറും ഹാജരായി.
എന്തടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി സ്പീക്കർ അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ച നടപടി സ്വീകരിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഉമർ അത ബന്ദിലാൽ ചോദിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇമ്രാൻ ഖാന് അനുകൂലമായാണ് കോടതി വിധിയെങ്കിൽ 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടക്കും. വിധി എതിരാണെങ്കിൽ പാർലമെന്റ് ചേർന്ന് അവിശ്വാസം പരിഗണിക്കേണ്ടിവരും.