ദുബായ് > ഫോബ്സ് പുറത്തിറക്കിയ ഈവർഷത്തെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മലയാളികളിലെ അതിസമ്പന്നൻ. 540 കോടി ഡോളറിന്റെ ആസ്തിയാണ് എം എ യൂസഫലിയ്ക്ക്. ഇന്ത്യയിലെ മുകേഷ് അംബാനിയും, ഗൗതം അദാനിയും ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ 10, 11 സ്ഥാനങ്ങളിലാണ്. 9000 കോടി ഡോളർ വീതമാണ് ഇവരുടെ ആസ്തി. ഇന്ത്യയിൽ 26 ശതകോടീശ്വരന്മാരുടെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം 140 പേരായിരുന്നു എങ്കിൽ ഇത്തവണ അത് 166 പേരായി. ഇത് റെക്കോർഡ് വർധനവാണ്.
21,900 കോടി ഡോളർ ആസ്തിയുള്ള ടെസ്ലാ കമ്പനി മേധാവി എലോൺ മുസ്കാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ. 17,100 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സിഇഒ ജെഫ് ബെസോസാണ് രണ്ടാമൻ. 12,900 കോടി ആസ്തിയുള്ള ബിൽഗേറ്റ്സ് നാലാം സ്ഥാനത്താണ്.
മലയാളികളുടെ പട്ടികയിൽ 410 കോടി ഡോളർ ആസ്തിയുള്ള ഇൻഫോസിസ് ഗോപാലകൃഷ്ണനാണ് രണ്ടാം സ്ഥാനത്ത്. ബൈജു ആപ്പ് ഉടമ ബൈജു രവീന്ദ്രൻ (360 കോടി ഡോളർ), രവി പിള്ള (260 കോടി ഡോളർ), എസ് സി ഷിബുലാൽ (220 കോടി ഡോളർ), സണ്ണി വർക്കി (210 കോടി ഡോളർ), ജോയ് ആലുക്കാസ് (190 കോടി ഡോളർ), മുത്തൂറ്റ് കുടുംബം (140 കോടി ഡോളർ) എന്നിവരാണ് അതിസമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ച മറ്റ് മലയാളികൾ.
2,668 ശതകോടീശ്വരന്മാരാണ് ഇപ്പോൾ ഭൂമിയിലുള്ളത്. യുദ്ധവും, പകർച്ചവ്യാധിയും മൂലം അതിസമ്പന്നരുടെ എണ്ണത്തിൽ ഇത്തവണ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 87 പേർ ഇത്തവണ കുറവായിരുന്നു. കൂടുതൽ കുറവ് സംഭവിച്ചത് റഷ്യയിൽ നിന്നാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 34 ശതകോടീശ്വരൻമാരുടെ കുറവാണ് റഷ്യയിൽ നിന്നും ഉണ്ടായിട്ടുള്ളത്. ചൈനയിൽ നിന്നും 87 ശതകോടീശ്വരന്മാരുടെ കുറവും രേഖപ്പെടുത്തി.