മനാമ > പ്രവാസികളുടെ പാസ്പോര്ട്ടില് താമസ വിസ സ്റ്റാമ്പ് ചെയ്യുന്നത് യുഎഇ ഒഴിവാക്കുന്നു. പകരം, ഔദ്യോഗിക തിരിച്ചറിയല് രേഖയായ എമിറേറ്റ്സ് ഐഡി ഉപയോഗിക്കും. തീരുമാനം ഈ മാസം 11 ന് പ്രാബല്യത്തില് വരും.
വിമാന കമ്പനികള്ക്ക് പാസ്പോര്ട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും പരിശോധിച്ചാല് വിസ നില മനസിലാക്കാം. നിലവില് പാസ്പോര്ട്ടിലെ റെസിഡന്സി സറ്റാമ്പില് ഉള്ള വിവരങ്ങള്, സ്പോണ്സര് വിശദാംശങ്ങള്, ഇഷ്യൂ ചെയ്ത തീയതി, കാലഹരണപ്പെടുന്ന തീയതി, റസിഡന്സി ഫയല് നമ്പര് എന്നിവ ഐഡിയില് ഉണ്ടാകും. റെസിഡന്സി വിസകള് നല്കുന്നതിനും പുതുക്കുന്നതിനുമുള്ള പ്രക്രിയയുമായി ബന്ധപ്പെട്ട കാലതാമസം കുറയ്ക്കാന് ഇത് ലക്ഷ്യമിടുന്നു.
രാജ്യത്ത് താമസിക്കുന്ന വിദേശികള്ക്ക് നല്കുന്ന എമിറേറ്റ്സ് ഐഡി കാര്ഡിന്റെ പുതിയ പതിപ്പില് വ്യക്തിപരവും തൊഴില്പരവുമായ എല്ലാ വിവരങ്ങളം ഉണ്ടാകും. വിമാനക്കമ്പനികളിലെ എയര്പോര്ട്ടിലെ പാസ്പോര്ട്ട് റീഡര് വഴി ഐഡന്റിറ്റി പരിശോധിച്ച് രാജ്യത്തിന് പുറത്തുള്ള സാധുവായ താമസ വിസയുള്ളവര്, സന്ദര്ശകര് എന്നിവരുടെ രാജ്യത്തേക്കുള്ള പ്രവേശനം പ്രാപ്തമാക്കുന്നതിന് ഏവിയേഷന് രംഗത്തെ പങ്കാളികളുമായി ബന്ധപ്പെട്ടതായും അധികൃതര് അറിയിച്ചു.