ന്യൂഡൽഹി
ലഖിംപുർ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ചുകൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രിയുടെ മകനും മുഖ്യപ്രതിയുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. ചീഫ്ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ച് വാദംകേൾക്കൽ പൂർത്തിയാക്കി. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകനായ പ്രതിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ ഉത്തർപ്രദേശ് സർക്കാർ അപ്പീൽ നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം തിങ്കളാഴ്ചയും സുപ്രീംകോടതി ആവർത്തിച്ചു. സാക്ഷികൾക്ക് ശക്തമായ സുരക്ഷ ഒരുക്കി സംസ്ഥാന സർക്കാർ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് യുപി സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ മഹേഷ്ജഠ്മലാനി പ്രതികരിച്ചു. എന്നാൽ, സാക്ഷികൾക്കുനേരെ ആക്രമണമുണ്ടായ കാര്യം കർഷകരുടെ ബന്ധുക്കൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്ദവേ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.