ബുഡാപെസ്റ്റ്
വിവാദങ്ങൾക്കിടൈ ഹംഗറിയിൽ കടുത്ത വലതുപക്ഷക്കാരനായ പ്രധാനമന്ത്രി വിക്ടർ ഓർബന് നാലാം തവണയും വിജയം. 199 സീറ്റിലേക്കുള്ള 94 ശതമാനം വോട്ടുകളെണ്ണിയപ്പോൾ 53 ശതമാനം വോട്ടാണ് വലതുപക്ഷ പാർടിയായ ഫിദേസ് നേടിയത്. പ്രതിപക്ഷത്തിന് 35 ശതമാനം വോട്ട്.
ഉക്രയ്ൻ –-റഷ്യ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഹംഗറിയിൽ തെരഞ്ഞെടുപ്പ് നടന്നത്. ക്രിസ്ത്യൻ ജനാധിപത്യ രാഷ്ട്രീയവും യാഥാസ്ഥിതിക രാഷ്ട്രീയവും ദേശസ്നേഹ രാഷ്ട്രീയവുമാണ് വിജയിച്ചതെന്നായിരുന്നു വിക്ടർ ഓർബന്റെ പ്രതികരണം. ഇതാണ് യൂറോപ്പിന്റെ ഭാവിയെന്നും ഓർബൻ അവകാശപ്പെട്ടു.
അഴിമതിയുടെയും ജനാധിപത്യ ലംഘനങ്ങളുടെയും പേരിൽ യൂറോപ്യൻ യൂണിയന്റെ നിരന്തര വിമർശം നേരിടുന്നയാളാണ് വിക്ടർ ഓർബൻ. ആറ് പ്രതിപക്ഷ പാർടിയുടെ സഖ്യമാണ് 12 വർഷമായി തുടരുന്ന ഓർബന്റെ യാഥാസ്ഥിതിക രാഷ്ട്രീയത്തിനെതിരെ മത്സരിച്ചത്. മനുഷ്യസാധ്യമായതെല്ലാം ചെയ്തുവെന്നും വെറുപ്പും നുണകളുമായിരുന്നു ഫിദേസ് പാർടിയുടെ പ്രചാരണായുധമെന്നും പ്രതിപക്ഷത്തെ നയിക്കുന്ന പീറ്റർ മാർകിസെ പറഞ്ഞു.