ന്യൂഡൽഹി
ഭരണത്തിലിരുന്ന പഞ്ചാബിലടക്കം തോറ്റതിനുപിന്നാലെ രാജ്യസഭയിലെ അംഗബലത്തിലും കോൺഗ്രസ് കൂപ്പുകുത്തി. നിലവിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 17 ഇടത്തുനിന്ന് കോൺഗ്രസിന് രാജ്യസഭയിൽ പ്രാതിനിധ്യമില്ല. മാർച്ചിൽ 33 എംപിമാരായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്. എ കെ ആന്റണി അടക്കം നാലുപേരുടെ കാലാവധി പൂർത്തിയായി. പി ചിദംബരം, അംബികാസോണി, ജയ്റാം രമേഷ്, കപിൽ സിബൽ തുടങ്ങി ഒമ്പതുപേരുടെ കാലാവധി ജൂൺ– ജൂലെെയിൽ അവസാനിക്കും. ഈ തെരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ 30 പേരാകും കോൺഗ്രസിന് രാജ്യസഭയിൽ ആകെ ഉണ്ടാകുകയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
രാജ്യസഭയിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യത്തിലേക്കാകും കോൺഗ്രസിന്റെ വീഴ്ച.
തമിഴ്നാട്ടിൽ ഒഴിവുവരുന്ന ആറ് സീറ്റിൽ ഒന്ന് ഡിഎംകെ വിട്ടുതരുമെന്ന് കോണ്ഗ്രസ് കരുതുന്നു. എങ്കിൽ അംഗബലം 31 ആകും. അപ്പോഴും യുപി, ആന്ധ്രപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, ഡൽഹി, ഗോവ, എട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്ന് കോൺഗ്രസിന് രാജ്യസഭാംഗങ്ങൾ ഉണ്ടാകില്ല.
ഹരിയാന, ആന്ധ്ര, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, അരുണാചൽ, മണിപ്പുർ, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ 12 സംസ്ഥാനങ്ങളിൽനിന്ന് ലോക്സഭയിലും കോൺഗ്രസിന് എംപിമാരില്ല.