ന്യൂഡൽഹി
ലൈഫ് ഇൻഷുറൻസ് കോർപറേഷനും ജനറൽ ഇൻഷുറൻസ് കോർപറേഷനും കേന്ദ്രസർക്കാരിനു നൽകുന്ന ലാഭവിഹിതത്തിൽ വൻ വർധന. 10 വർഷത്തിൽ യഥാക്രമം രണ്ടും അഞ്ചും മടങ്ങ് വർധനയാണ് എൽഐസിയും ജിഐസിയും നൽകിയ ലാഭവിഹിതത്തിൽ ഉണ്ടായത്. എൽഐസി 2010–-11ൽ 1138 കോടി രൂപയാണ് കേന്ദ്രത്തിനു ലാഭവിഹിതമായി നൽകിയതെങ്കിൽ 2019–-20ൽ ഇത് 2699.73 കോടി രൂപയായി വർധിച്ചു. ജിഐസി 2010–-11ൽ 206.40 കോടി ലാഭവിഹിതം നൽകിയത് 2018–-19ൽ 1015.87 കോടി രൂപയായി കുതിച്ചുയർന്നു. രാജ്യസഭയിൽ വി ശിവദാസൻ എംപിയെ ധനസഹമന്ത്രി ഭഗവന്ത് കാരാട് അറിയിച്ചതാണ് ഇക്കാര്യം. ഇത്രയും തുക പൊതുഖജനാവിലേക്ക് മുതൽകൂട്ടുന്ന കമ്പനികളെ വിറ്റഴിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് ശിവദാസൻ ആവശ്യപ്പെട്ടു.