ന്യൂഡൽഹി
സാമൂഹ്യക്ഷേമ പെൻഷനുകളുടെ ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ തള്ളി കേന്ദ്രമന്ത്രിമാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് നൽകിയ മറുപടികളിലാണ് മന്ത്രിമാർ നിലപാട് വ്യക്തമാക്കിയത്. ദേശീയ സാമൂഹ്യസഹായ പദ്ധതി (എൻഎസ്എപി) പ്രകാരമുള്ള പെൻഷൻ 200 രൂപയിൽനിന്ന് വർധിപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി അറിയിച്ചു.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മുതിർന്ന പൗരന്മാർക്ക് നൽകിവരുന്ന ഈ പെൻഷൻ 10 വർഷമായി 200 രൂപയാണ്. ഈ നീണ്ട കാലയളവിൽ സാമൂഹ്യ, സാമ്പത്തിക രംഗത്ത് വന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് പെൻഷൻ തുകയിൽ ന്യായമായ വർധന വരുത്തണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടു. എന്നാൽ, മതിയായ പെൻഷൻ നൽകേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്ന് മന്ത്രി പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ വിഭവസമാഹരണ സാധ്യതകൾ അടച്ചശേഷം കേന്ദ്രം ഇത്തരത്തിൽ മറുപടി നൽകുന്നത് ശരിയല്ലെന്ന് ജോൺ ബ്രിട്ടാസ് ഉപചോദ്യത്തിൽ പറഞ്ഞു.
അർഹരായ എല്ലാ മുതിർന്ന പൗരന്മാർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നും പെൻഷൻ വാങ്ങുന്നവരുടെ എണ്ണവും ഇതിനുള്ള വാർഷിക വിഹിതവും വ്യക്തമാക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞശേഷം വേണ്ടത് ചെയ്യാമെന്ന ഒഴുക്കൻ മറുപടിയാണ് മന്ത്രി ഗിരിരാജ് സിങ് നൽകിയത്.