കുവൈറ്റ് സിറ്റി> കുവൈത്തിലെ ഇന്ത്യൻ വിദ്യാലയങ്ങളുടെ പൂർണ്ണ തോതിലുള്ള പ്രവർത്തനം സെപ്തംബർ മാസത്തിൽ പുനരാരംഭിക്കും. കോവിഡ് പശ്ചാത്തലം കണക്കിലെടുത്തു മുൻകരുതൽ നടപടികളുടെ ഭാഗമായി ക്ലാസുകളിലെ ഹാജർ നില പകുതിയായി കുറച്ച് കൊണ്ടായിരുന്നു വിദ്യാലയങ്ങൾ പ്രവർത്തിച്ചിരുന്നത്. രാജ്യത്തെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിൽ നിലവിലെ സംവിധാനത്തിന് പകരമായി ഏപ്രിൽ 3 ഞായറാഴ്ച മുതൽ പഴയത് പോലെ പൂർണ്ണ തോതിൽ ക്ലാസുകൾ പുനരാരംഭിക്കുവാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഈ വിദ്യാലയങ്ങളിലെ അമ്പത് ശതമാനം വിദ്യാർത്ഥികൾക്കും സെപ്തംബർ മാസം വരെ രണ്ടാം സെമസ്റ്ററിലും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണു ക്ലാസ് ഉണ്ടാകുക. നിലവിൽ കോവിഡ് ഭീഷണി പൂർണ്ണമായും മാറാത്തതുകൊണ്ടു കുട്ടികളുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യത്തിനു പ്രഥമ പരിഗണന നൽകികൊണ്ടാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് അധികൃതർ എത്തിച്ചേർന്നത്.