ന്യൂഡൽഹി
കരസേനയ്ക്കായി വികസിപ്പിച്ച ഹ്രസ്വദൂര മിസൈലുകളുടെ വിക്ഷേപണം വിജയം. ഒഡിഷയിലെ ചന്ദിപുരിലായിരുന്നു കരയിൽനിന്ന് തൊടുക്കാവുന്ന രണ്ട് മിസൈൽ വിക്ഷേപിച്ചതെന്ന് ഡിആർഡിഒ അറിയിച്ചു. അതിവേഗത്തിൽ വായുമാർഗം നീങ്ങുന്ന വസ്തുക്കളെ കൃത്യമായി ഭേദിക്കാനുള്ള ശേഷി മിസൈലിനുണ്ട്. ഡിആർഡിഒയും ഇസ്രയേൽ എയ്റോ സ്പെയ്സ് ഇൻഡസ്ട്രിയും ചേർന്നാണ് മിസൈൽ വികസിപ്പിച്ചത്. അത്യാധുനിക റെഡാറുകളും മൊബൈൽ ലോഞ്ചറുമടങ്ങുന്നതാണ് ഒരു യൂണിറ്റ്. വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ ഡിആർഡിഒ അധികൃതരെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുമോദിച്ചു.