കൊൽക്കത്ത
തൃണമൂൽ ഭരണത്തിൽ ബംഗാളിൽ രക്തച്ചൊരിച്ചിൽ തുടരുന്നു. കഴിഞ്ഞ വർഷം മേയിൽ മമത മൂന്നാമതും അധികാരത്തിലെത്തിയ ശേഷമുള്ള 10 മാസത്തിനിടെ 52 രാഷ്ട്രീയ കൊലപാതകമുണ്ടായി. ഇതിൽ 21 എണ്ണവും തൃണമൂലിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ചേരിപ്പോരിൽ. പൊതുമുതൽ കൊള്ളയടിക്കുന്നതിലും അധികാരം പങ്കിടുന്നതിലും പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതിലുമുള്ള തർക്കമാണ് കൊലപാതത്തിനിടയാക്കുന്നത്.
രാംപൂർഹട്ട് കൂട്ടക്കൊലപാതകവും തൃണമൂൽ ഗ്രൂപ്പുപോരിന്റെ ഫലമായിരുന്നു. ഉത്തര 24 പർഗാനസ്, പുരുളിയ, ജാൽപായ്ഗുരി, മെദിനിപ്പുർ, നാവിയ, ബർദ്വമാൻ ജില്ലകളിൽ ഗ്രൂപ്പ് പോരിൽ നിരവധി തൃണമൂലുകാർ കൊല്ലപ്പെട്ടു. മുനിസിപ്പൽ തെരഞ്ഞെടുപ്പിനെത്തുടർന്ന് പദവി പിടിച്ചടക്കാനായി രണ്ടു കൗൺസിലർമാരെ കൊന്നു. ലക്ഷങ്ങളുടെ സ്വത്തുക്കളാണ് താഴെ തട്ടിൽത്തന്നെ പല നേതാക്കളും അനധികൃതമായി സമ്പാദിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ നാല് സിപിഐ എം പ്രവർത്തകർ അടക്കം 21 പേർ കൊല്ലപ്പെട്ടു.
ബിജെപി തൃണമൂൽ ഏറ്റുമുട്ടലിലും നിരവധിപ്പേർ കൊല്ലപ്പെടുന്നു.