ന്യൂഡൽഹി
ആദിവാസികളടക്കമുള്ളവരെ കുടിയൊഴിപ്പിച്ചുള്ള ബിർഭൂമിലെ സ്വകാര്യ കൽക്കരി ഖനി പദ്ധതിയിൽനിന്ന് ബംഗാളിലെ തൃണമൂൽ സർക്കാർ പിൻവാങ്ങണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ദേവ്ച പച്ചമായിലാണ് നിർദിഷ്ട പദ്ധതി. കോൾ ഇന്ത്യ പ്രായോഗികമല്ലെന്നുകണ്ട് ഉപേക്ഷിച്ച പദ്ധതിയാണ് ഇത്. പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും തകർക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമാണ് ജനാധിപത്യശക്തികൾ മുന്നോട്ടുവയ്ക്കുന്നതെന്നും- കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി.
തൃണമൂൽ നേതൃത്വത്തിൽ
മാഫിയ പിടിമുറുക്കി
ബംഗാളിലെ പ്രാദേശിക തൃണമൂൽ നേതൃത്വത്തിലും പൊലീസിലും മാഫിയകൾ പിടിമുറുക്കിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. രാംപൂർഹട്ട് ബ്ലോക്കിലെ ബൊഗ്തുയ് ഗ്രാമത്തിൽ നിരവധി വീടുകൾക്ക് തീയിട്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ള 10 പേരെ ചുട്ടുകൊന്ന സംഭവം മാഫിയാവാഴ്ച തുറന്നുകാട്ടുന്നതാണ്.
പ്രാദേശിക തൃണമൂൽ നേതാവായ പഞ്ചായത്ത് ഉപപ്രധാനിയുടെ കൊലപാതകവും തുടർന്നുള്ള തിരിച്ചടിയും സംഭവത്തിൽ ഭരണകക്ഷിക്കുള്ള പങ്ക് വെളിപ്പെടുത്തുന്നതും പൊലീസിന്റെ നിഷ്ക്രിയത്വം വ്യക്തമാക്കുന്നതുമാണ്.
അനീസ് ഖാൻ കൊലപാതകം: നീതി ഉറപ്പാക്കുക
വിദ്യാർഥി പ്രവർത്തകനായ അനീസ് ഖാനെ പൊലീസ് കൊലപ്പെടുത്തിയതിനെ കേന്ദ്ര കമ്മിറ്റി അപലപിച്ചു. അലിയ സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന അനീസ് ഖാനെ ഹൗറയിലെ അംത ബ്ലോക്കിൽ ശാരദ്ദാ ഗ്രാമത്തിൽവച്ചാണ് പൊലീസ് കൊലപ്പെടുത്തിയത്.
കുറ്റക്കാരെ എത്രയുംവേഗം പിടികൂടി ശിക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.