ന്യൂഡൽഹി> വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. തെരഞ്ഞെടുപ്പ് ക്രമക്കേട് തടയുന്നതിന്റെ ഭാഗമായാണിതെന്നും നിയമമന്ത്രാലയത്തിന്റെ ധനാഭ്യർഥന ചർച്ചയ്ക്ക് ലോക്സഭയിൽ മറുപടി പറയവെ മന്ത്രി പറഞ്ഞു. ‘ഒരു രാജ്യം, ഒരു വോട്ടർപട്ടിക’ എന്നതാണ് ലക്ഷ്യം. ഇതുവഴി ഇരട്ടവോട്ട് തടയാം.
പ്രവാസി ഇന്ത്യക്കാർക്ക് ഓൺലൈൻ വോട്ടവകാശം നൽകുന്നതടക്കം പരിഗണനയിലാണ്. അന്തിമതീരുമാനത്തിനുമുമ്പ് ഇതിനായി സുരക്ഷിത സംവിധാനം ഉറപ്പാക്കും. സുതാര്യമായേ നടപ്പാക്കൂ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടിനു സാധ്യതയില്ല. വോട്ടിങ് യന്ത്രത്തിൽ ആർക്കും ഇടപെടാനാകില്ല. വോട്ടവകാശം വിനിയോഗിക്കുന്നത് നിർബന്ധമാക്കാൻ നിയമം കൊണ്ടുവരില്ലെന്നും മന്ത്രി പ്രതികരിച്ചു.
വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള ബിൽ ശീതകാല സമ്മേളനത്തിൽ ലോക്സഭയിൽ പാസാക്കി. ആധാർ പൗരത്വരേഖയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും ഇരട്ടവോട്ട് തടയാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്നാണ് സർക്കാർ വ്യാഖ്യാനം.