ന്യൂഡല്‍ഹി> ഇന്ധന, പാചകവാതക വിലവര്‍ധനയ്ക്ക് പിന്നാലെ മരുന്നുവില കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 800 ജീവന്‍രക്ഷാ മരുന്നിനാണ് ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പാരസെറ്റാമോളും വേദനസംഹാരികളും ആന്റിബയോട്ടിക്സും അടക്കമുള്ള അവശ്യമരുന്നുകളുടെ വില 10.7 ശതമാനം വര്‍ധിപ്പിക്കും. കമ്പോളത്തിലെ 16 ശതമാനത്തോളം മരുന്നുകളുടെ വില വര്‍ധിക്കും. നിരക്ക് കുത്തനെ കൂട്ടാന്‍ ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ് അതോറിറ്റി മരുന്നു കമ്പനികള്‍ക്ക് അനുമതി നല്കി. പുതുക്കിയ വില ഏപ്രില്‍ മുതല്‍ നിലവില്‍ വരും.
ഔഷധവില 20 ശതമാനംവരെ ഉടന്‍ വര്‍ധിപ്പിക്കണമെന്ന് നവംബറില്‍ ആയിരത്തോളംകമ്പനികള് കേന്ദ്രത്തോട് ആവശ്യപ്പട്ടിരുന്നു. വിലസംരക്ഷണ പട്ടികയിലെ മരുന്നുകളുടെ വില വര്‍ഷത്തിലൊരിക്കല്‍ പുനര്‍ നിര്‍ണയിക്കുമെങ്കിലും ഇത്രയും വലിയ വര്‍ധന ആദ്യം. 2020ല്‍ വര്‍ധന 0.5 ശതമാനം മാത്രമായിരുന്നു. സാധാരണ 1–4 ശതമാനം വരെമാത്രമാണ് വാര്‍ഷിക വര്‍ധന അനുവദിക്കുന്നത്. സാധാരണമായി ഉപയോ?ഗിക്കാറുള്ള അസിത്രോമൈസിന്‍ അടക്കമുള്ള ആന്റിബയോട്ടിക്സ് ഗുളികളുടേയും അണുബാധയ്ക്ക് നല്‍കിവരാറുള്ള ഗുളികകള്‍ക്കും വിളര്ച്ചയകറ്റാനുള്ള വൈറ്റമിന്‍ ?ഗുളികകള്‍ക്കും വിലകൂടും.
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്കുന്ന മരുന്നുകളും സ്റ്റെറോയ്ഡ് അടക്കമുള്ളവയും വില വര്ധിപ്പിക്കുന്നവയുടെ പട്ടികയിലുണ്ട്. ഹൃദ്രോഗ മരുന്നിനും വിലകൂട്ടി. അസംസ്കൃത വസ്തുക്കളുടെ വില കോവിഡ് കാലത്ത് കുതിച്ചുയര്‍ന്നതാണ് മരുന്നുകളുടെ നിരക്ക്വര്ധിപ്പിക്കാന് കാരണമെന്നാണ് കമ്പനികളുടെ ന്യായം. അഞ്ചുസംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഇന്ധനവിലയും ദിനംപ്രതി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണ്.