ന്യൂഡൽഹി> ചിരിച്ചുകൊണ്ട് പറഞ്ഞാൽ ഒന്നും ക്രിമിനൽ കുറ്റമാകില്ലെന്ന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ഡൽഹി കലാപക്കേസ് പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ചന്ദ്രധരി സിങ്ങിന്റെ വിചിത്ര നിരീക്ഷണം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി എംപി പർവേഷ് വർമ എന്നിവർ ഡൽഹി കലാപത്തിന് മുമ്പ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് പരാമർശം.
രാഷ്ട്രീയ പ്രസംഗങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് എല്ലാ വശവും ആലോചിക്കണം. തെരഞ്ഞെടുപ്പ് സമയത്തും അല്ലാത്തപ്പോഴുമുള്ള പ്രസംഗത്തിൽ വ്യത്യാസമുണ്ട്. മന്ത്രി ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമാക്കി സംസാരിച്ചതിന് തെളിവില്ലന്നും കോടതി പറഞ്ഞു. രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലണമെന്ന പ്രസംഗത്തിൽ അനുരാഗ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകിയിരുന്നു. ഹർജി വിധി പറയാനായി മാറ്റി.