ആലപ്പുഴ> ‘ഒരു രാജമല്ലി വിടരുന്ന പോലെ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിലെ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ബൈക്ക് ഓര്‍ക്കുന്നില്ലേ. ‘അനിയത്തിപ്രാവി’ലെ ആ ചുവന്ന സ്പ്ലെന്‍ഡര്‍ കാല്‍നൂറ്റാണ്ടിനുശേഷം നടന് കുഞ്ചാക്കോ ബോബന് സ്വന്തമാക്കി. അന്ന് ഉപയോഗിച്ച ബൈക്ക് ആലപ്പുഴയിലുണ്ടെന്നറിഞ്ഞ് ചാക്കോച്ചന് തേടിപ്പിടിച്ച് സ്വന്തമാക്കുകയായിരുന്നു.
തന്നോടൊപ്പം ചിത്രത്തിലുടനീളം നിറഞ്ഞു നിന്ന് താരമായ വാഹനം നല്‍കിയതിന് പകരമായി ഉടമയ്ക്ക് ചാക്കോച്ചന് കൈമാറിയത് ഹീറോ സ്പ്ലെന്‍ഡര്‍ ബൈക്ക്. എന്തുവേണമെങ്കിലും ചോദിച്ചോളൂവെന്ന് പറഞ്ഞെങ്കിലും ആലപ്പുഴ ഈസ്റ്റ് വെനീസ് മോട്ടോഴ്സിലെ മെക്കാനിക്കായ ബോണി ആവശ്യപ്പെട്ടത് മറ്റൊരു സ്പ്ലെന്‍ഡര്‍ മാത്രം. ഷോറും ഉടമയില്‍ നിന്നാണ് മുന്‍പ് ബോണി ഈ ബൈക്ക് വാങ്ങിയത്.
1997 മാര്‍ച്ച് 26നാണ് ഫാസിലിന്റെ ‘അനിയത്തിപ്രാവ്’ റിലീസ് ചെയ്തത്. ആ ചുവന്ന ബൈക്ക് സ്വന്തമാക്കണമെന്ന് ചാക്കോച്ചന് അന്നേ മോഹമുണ്ടായിരുന്നു. സിനിമയുടെ റിലീസിന്റെ 25 വര്‍ഷം തികയുന്ന വേളയില്‍ നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് ആരുടെ പക്കലുണ്ടെന്നറിഞ്ഞത്. അനിയത്തിപ്രാവിന്റെ കാലത്ത് യുവാക്കളുടെ ഹരമായ ചുവന്ന സ്പ്ലെന്‍ഡര്‍ സമ്മാനിച്ചതിന് പകരമായ ബ്ലാക്ക് സ്പ്ലെന്‍ഡര്‍ കഴിഞ്ഞ ദിവസം ബോണി ചാക്കോച്ചനില്‍ നിന്ന് സ്വീകരിച്ചു.