ന്യൂഡൽഹി
രാജ്യത്ത് ക്ഷയരോഗവ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം. ലക്ഷത്തിൽ 115 പേരാണ് കേരളത്തിൽ രോഗികൾ. ഡൽഹിയിലാണ് വ്യാപനം തീവ്രം–- ലക്ഷത്തിൽ 534. രാജസ്ഥാനിൽ 484, യുപിയിൽ 481, ഹരിയാനയിൽ 454. ഇന്ത്യയിൽ ക്ഷയരോഗികളുടെ എണ്ണത്തിൽ 2021ൽ 19 ശതമാനം വർധന വന്നതായി ഇന്ത്യ ടിബി റിപ്പോർട്ട് 2022 പറയുന്നു.
2021 ൽ 19.3 ലക്ഷമാണ് പുതിയ രോഗികൾ. 2020ൽ 16.3 ലക്ഷമായിരുന്നു. ക്ഷയരോഗം ബാധിച്ച് 2020ൽ മരിച്ചത് 4.93 ലക്ഷം പേര്. മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനം വർധന. എയ്ഡ്സ് രോഗികളെ ഒഴിവാക്കിയുള്ള കണക്കാണ് ഇത്. രാജ്യത്തെയാകെ ക്ഷയരോഗവ്യാപനം ലക്ഷത്തിൽ 312 രോഗികൾ എന്ന തോതിലാണ്. ഇത് ആഗോള ശരാശരിയായ ലക്ഷത്തിൽ 127 എന്നതിനെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണ്. ഇന്ത്യയിൽ രോഗലക്ഷണങ്ങൾ ഉള്ളവരിൽ 64 ശതമാനവും ചികിത്സ തേടിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 1955–-58ൽ ആദ്യ ദേശീയ ക്ഷയരോഗ സർവേക്കുശേഷം ഇതാദ്യമായാണ് സർവേ.