കൊച്ചി
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികൾക്ക് തൊഴിലാളിശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്കാരം തൊഴിൽമന്ത്രി വി ശിവൻകുട്ടിയാണ് സമ്മാനിച്ചത്. ടൗൺഹാളിൽ നടന്ന ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി.
5513 അപേക്ഷകരിൽനിന്നാണ് വിവിധ മേഖലകളിൽനിന്നുള്ള മികച്ച തൊഴിലാളികളെ തെരഞ്ഞെടുത്തത്. തൊഴിൽ നൈപുണ്യവും അറിവും അച്ചടക്കവും, പെരുമാറ്റം, ക്ഷേമപദ്ധതികളോടുള്ള സമീപനം, കല–-കായിക മികവ്, സാമൂഹിക പ്രവർത്തന പങ്കാളിത്തം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മികവ് വിലയിരുത്തി അഭിമുഖം നടത്തി. അവസാന റൗണ്ടിലെത്തിയ 49 പേരിൽനിന്നാണ് 17 ജേതാക്കളെ കണ്ടെത്തിയത്. 32 പേർക്ക് പ്രോത്സാഹനസമ്മാനം നൽകി.
തൊഴിലാളികളുടെ മികവിനെ വിലയിരുത്തി പുരസ്കാരം നൽകുന്ന രാജ്യത്തെ പ്രഥമ പദ്ധതിയാണിത്. സെക്യൂരിറ്റി ഗാർഡ് വിഭാഗത്തിൽ എസ് കൃഷ്ണൻകുട്ടി (പത്തനംതിട്ട), ചുമട്ടുതൊഴിലാളി പി എം നവാസ് (കോട്ടയം), നിർമാണത്തൊഴിലാളി പി ജി ജോസ് (എറണാകുളം), ചെത്ത് തൊഴിലാളി കെ ടി മുരളി (കോഴിക്കോട്), മരംകയറ്റ തൊഴിലാളി കെ ജി അനിയൻകുഞ്ഞ് (ആലപ്പുഴ), തയ്യൽ തൊഴിലാളി കെ സുജാത (കോഴിക്കോട്), കയർ തൊഴിലാളി കെ ജി സുശീല (കൊച്ചി), കശുവണ്ടി തൊഴിലാളി ഒ വത്സലകുമാരി (കൊല്ലം), മോട്ടോർ തൊഴിലാളി അൻസാർ കൊച്ചി (എറണാകുളം), തോട്ടംതൊഴിലാളി സുബ്ബലക്ഷ്മി (വയനാട്), സെയിൽസ് വിമെൻ ഷീന സജീവ് (കോട്ടയം), നഴ്സ് നിഷ സന്തോഷ് (എറണാകുളം), ഗാർഹിക തൊഴിലാളി സുശീല ജോസഫ് (കൊല്ലം), ടെക്സ്റ്റൈൽ മിൽ തൊഴിലാളി പാർവതി രാധാകൃഷ്ണൻ (പാലക്കാട്), കരകൗശല പാരമ്പര്യ തൊഴിലാളി സൂരജ് സുന്ദരം (പത്തനംതിട്ട), മാനുഫാക്ചറിങ്, പ്രോസസിങ് തൊഴിലാളി കെ വിലാസിനി (കോഴിക്കോട്), മത്സ്യത്തൊഴിലാളി പി എം ദിനിൽ പ്രസാദ് (കണ്ണൂർ) എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
മേയർ എം അനിൽകുമാർ, ആർപിഎൽ എംഡി ഡോ. ആർ അടലരശൻ എന്നിവർ മുഖ്യാതിഥികളായി. മിനി ആന്റണി, ഡോ. എസ് ചിത്ര, സി കെ മണിശങ്കർ, സി ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, ടോമി മാത്യു, കെ ടി വിമലൻ, കെ കെ ഇബ്രാഹിംകുട്ടി, എലിസബത്ത് അസിസി, പുരസ്കാര ജേതാക്കളുടെ പ്രതിനിധികളായി അൻസാർ കൊച്ചി, സുബലക്ഷ്മി എന്നിവർ സംസാരിച്ചു.