ന്യൂഡൽഹി
കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷത്തിനുശേഷം വിള്ളൽ വീണ ഇന്ത്യ–- ചൈന ബന്ധം വീണ്ടും സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ വിദേശ മന്ത്രിമാരുടെ കൂടിക്കാഴ്ച. വിദേശമന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശമന്ത്രി വാങ് യിയുമായുള്ള ചർച്ച മൂന്ന് മണിക്കൂർ നീണ്ടു. അതിർത്തി സംഘർഷത്തിന് പരിഹാരമാകാതെ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാകില്ലെന്ന് ജയ്ശങ്കർ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ലഡാക്ക് സംഘർഷത്തിനുശേഷം ഉന്നത ചൈനീസ് നേതാവിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. അതിർത്തിയിൽ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കപ്പെട്ടാൽ മാത്രമേ ബന്ധങ്ങൾ സാധാരണ നിലയിലാകൂ എന്ന കർക്കശ നിലപാട് ജയ്ശങ്കർ ചർച്ചയിൽ സ്വീകരിച്ചു. ആഗ്രഹിക്കുന്നതിനേക്കാൾ കുറഞ്ഞ വേഗത്തിൽ പുരോഗമിക്കുന്ന ഒന്നാണ് നിലവിൽ ചൈനയുമായുള്ള ബന്ധം. പ്രശ്നത്തിന് പൂർണമായ പരിഹാരം കാണുന്നതിനുള്ള ശ്രമമാണ് ഇന്നുണ്ടായത്. ലഡാക്കിൽ ചില മേഖലകളിൽ പ്രശ്നങ്ങളുണ്ട്. അതിർത്തിയിൽ വലിയ സേനാവിന്യാസം തുടരുമ്പോൾ കാര്യങ്ങൾ സാധാരണമാകില്ല–- ജയ്ശങ്കർ പറഞ്ഞു.
ഇസ്ലാമിക രാജ്യങ്ങളുടെ യോഗത്തിൽ (ഒഐസി) കശ്മീർ വിഷയം ചൈന പരാമർശിച്ചതിനോടുള്ള വിയോജിപ്പും ജയ്ശങ്കർ അറിയിച്ചു. ഉക്രയ്ൻ–- റഷ്യ ഏറ്റുമുട്ടലിലെ നിലപാടും ചർച്ചയായി. ബന്ധങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ കാണാനും സഹകരണ മനോഭാവത്തോടെ ഇടപെടാനും ഇരുരാജ്യത്തിനും കഴിയണമെന്ന് വാങ് യി പറഞ്ഞു. ഇന്ത്യയും ചൈനയും പരസ്പര ഭീഷണിയല്ലെന്നും വികസനത്തിന് അവസരങ്ങളുണ്ടെന്നുമുള്ള തന്ത്രപര നിലപാടാണ് ഇരുരാജ്യത്തെയും നേതാക്കൾക്കുള്ളത്.
ഉഭയകക്ഷി ബന്ധങ്ങളുടെ ഉചിതമായ ഒരു സ്ഥാനത്തേക്ക് അതിർത്തി തർക്കങ്ങളെ മാറ്റിവയ്ക്കുകയും ഉഭയകക്ഷി ബന്ധങ്ങളുടെ ശരിയായ വികസന ദിശയിൽ ഉറപ്പോടെ നീങ്ങുകയും വേണം–- വാങ് യി പറഞ്ഞു. ചൈന പുറത്തുവിട്ട പ്രസ്താവനയിൽ ലഡാക്കിനെക്കുറിച്ച് പരാമർശമില്ല. മൂന്നു ദിവസത്തെ സന്ദർശനത്തിന് വാങ് യി നേപ്പാളിലേക്ക് പോയി.