ന്യൂഡൽഹി
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മൗര്യയെ വീണ്ടും ഉപമുഖ്യമന്ത്രിയാക്കി. യാദവ് ഇതര ഒബിസി വിഭാഗത്തിൽനിന്നുള്ള നേതാവാണ് മൗര്യ. കഴിഞ്ഞ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന ദിനേശ് ശർമയെ തഴഞ്ഞു. പകരം, ബ്രാഹ്മണ നേതാവായ ബ്രജേഷ് പഥക്കിന് അവസരം നൽകി.
ബിഎസ്പി എംപിയായ പഥക്ക് 2017ലെ തെരഞ്ഞെടുപ്പിന് മുമ്പായാണ് ബിജെപിയിലെത്തിയത്. കഴിഞ്ഞ സർക്കാരിൽ നിയമ മന്ത്രിയായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ട ദളിത് നേതാവ് ബേബി റാണി മൗര്യക്ക് മന്ത്രിസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഉത്തരാഖണ്ഡ് ഗവർണറായിരുന്ന ബേബി റാണി രാജിവച്ച് തെരഞ്ഞെടുപ്പിൽ മൽസരിക്കുകയായിരുന്നു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.