ന്യൂഡൽഹി
പഞ്ചാബിൽ പെൻഷൻ ഇനത്തിൽ മുൻ എംഎൽഎമാർ മാസംതോറും വാങ്ങിയത് 5.25 ലക്ഷം രൂപവരെ. പെൻഷൻ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചുള്ള മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്. തുടർന്ന് മാസം 75000 രൂപവരെയാകും മുൻ എംഎൽഎമാർക്ക് ലഭിക്കുക.
അടുത്ത അഞ്ചുവർഷം കൊണ്ട് 80 കോടി രൂപ പെൻഷൻ വെട്ടിക്കുറയ്ക്കുന്നതിലൂടെ ലാഭിക്കാമെന്നും ഈ പണം ജനക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും മൻ പറഞ്ഞു. കാലാവധി അനുസരിച്ച് 2.5 ലക്ഷം, 3.5 ലക്ഷം, 4.5ലക്ഷം പരമാവധി 5.25 ലക്ഷം എന്നിങ്ങനെയാണ് മുൻ എംഎൽഎമാർക്ക് പെൻഷൻ അനുവദിച്ചിരുന്നത്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ രജീന്ദർ കൗർ ഭട്ടാൽ, ലാൽ സിങ്, അകാലിനേതാവ് സർവൻ സിങ് എന്നിവർ മാസം 3.5 ലക്ഷം രൂപ പെൻഷൻ വാങ്ങിയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ തോറ്റ മുൻമുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ തനിക്ക് പെൻഷൻ വേണ്ടന്ന് അറിയിച്ചിരുന്നു.