കൊളംബോ
വിലക്കയറ്റം പൊറുതിമുട്ടിച്ച ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് അഭയാർഥിപ്രവാഹം. തമിഴ്നാട്ടിലെ രാമനാഥപുരത്തേക്ക് വരുംദിനങ്ങളിൽ 2000 മുതൽ 4000 വരെ അഭയാർഥികൾ എത്താമെന്നാണ് കണക്കാക്കുന്നത്. ഒരു കിലോ അരിക്ക് 250 മുതൽ 300 രൂപവരെ. 400 ഗ്രാം പാൽപ്പൊടിക്ക് 210 രൂപ. ദിവസങ്ങൾക്കുള്ളിൽ പാൽപ്പൊടിയുടെ വില ഇരട്ടിയായി. പെട്രോളിയം വിലയില്‍88 ശതമാനം വർധന. മുട്ട, ചെരുപ്പ്, വൈൻ തുടങ്ങി 367 വസ്തുക്കളുടെ ഇറക്കുമതി ശ്രീലങ്കൻ സർക്കാർ ഈ മാസാദ്യം തന്നെ പരിമിതപ്പെടുത്തി. ഇന്ധനം, മരുന്ന്, ഭക്ഷണം എന്നിവയുടെ ദൗർലഭ്യം നാൾക്കുനാൾ രൂക്ഷമായി. ഒരുതരത്തിലും ജീവിക്കാനാകാത്ത സ്ഥിതിയായതോടെ ജനങ്ങൾ ചെറുബോട്ടുകളിലും വള്ളങ്ങളിലുമായി കടൽതാണ്ടി ഇന്ത്യയിലേക്ക് പുറപ്പെടുകയാണ്. നൂറുകണക്കിനാളുകള്‍ പുറപ്പെടാൻ തയ്യാറാകുന്നതായി ഇതുവരെ എത്തിച്ചേർന്ന അഭയാർഥികൾ വ്യക്തമാക്കി.
ഇവരിൽ ഭൂരിഭാഗവും മുമ്പ് 1990ലും മറ്റുമായി രാമനാഥപുരം മണ്ഡപത്തിലെ അഭയാർഥിക്യാമ്പുകളിൽ കഴിഞ്ഞവരാണ്.
അഭയാർഥിപ്രവാഹം മുന്നിൽക്കണ്ട് മണ്ഡപംക്യാമ്പിലെ അടിസ്ഥാന സൗകര്യങ്ങൾ അധികൃതർ വിലയിരുത്തി. ഇതുവരെ എത്തിയ 16 അഭയാർഥികൾക്കുമേൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് തമിഴ്നാട് സർക്കാർ നിലപാട്.
പേപ്പറില്ല;
അച്ചടി നിർത്തി
ലങ്കൻ പത്രം
പേപ്പർ ദൗർലഭ്യത്തെതുടർന്ന് അച്ചടി നിർത്തി ശ്രീലങ്കൻ പത്രം. ആഭ്യന്തരയുദ്ധം രൂക്ഷമായ കാലത്തുപോലും മുടങ്ങാതെ അച്ചടിച്ച ‘ദി ഐലൻഡ്’ ഇംഗ്ലീഷ് ദിനപത്രമാണ് പ്രിന്റ് എഡിഷൻ നിർത്തിയത്. ശനിയാഴ്ചമുതൽ അനിശ്ചിതകാലത്തേക്ക് അച്ചടി നിർത്തിയെന്ന ഒന്നാംപേജ് അറിയിപ്പോടെയാണ് വെള്ളിയാഴ്ച പത്രമിറങ്ങിയത്.