ന്യൂഡൽഹി
ബംഗാളിലെ ബിർഭൂമിൽ തൃണമൂലുകാര്‍ എട്ടുപേരെ ചുട്ടുകൊന്ന സംഭവത്തില്‍ രാജ്യസഭ സ്തംഭിച്ചു. ശൂന്യവേളയിൽ ബിജെപിയുടെ രൂപ ഗാംഗുലിയാണ് വിഷയം ഉന്നയിച്ചത്. തൃണമൂൽ അംഗങ്ങൾ ബഹളംവച്ചതോടെ 25 മിനിറ്റ് സഭ നിർത്തേണ്ടിവന്നു. സംഭവം വിശദീകരിക്കുന്നതിനിടെ അഭിനേത്രികൂടിയായ രൂപ ഗാംഗുലി കരയുകയും ചെയ്തു. ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ലോക്സഭയിൽ പ്രതിപക്ഷം ഇന്ധന വിലവർധന വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടെങ്കിലും നിരാകരിക്കപ്പെട്ടു. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസഭയിലും പ്രതിപക്ഷം വിഷയം ഉയർത്തി പ്രതിഷേധിച്ചിരുന്നു. ചർച്ചയ്ക്കുശേഷം ലോക്സഭ ധനബിൽ പാസാക്കി. ധനാഭ്യർഥനകളും അംഗീകരിക്കപ്പെട്ടു.
സിബിഐ അന്വേഷിക്കും
പശ്ചിമബംഗാളിലെ ബിര്‍ഭൂമിലെ രാംപൂർഹട്ടില്‍ തൃണമൂലുകാര്‍ എതിര് ഗ്രൂപ്പില്‍പെട്ട സ്ത്രീകളും കുട്ടികളും അടക്കം എട്ടുപേരെ ചുട്ടുകൊന്ന സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി. അടുത്തയാഴ്ച അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് കോടതി നിർദേശിച്ചു. സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.അതേസമയം, കൊല്ലപ്പെട്ടവരെല്ലാം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണെന്നും പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ദേശീയ ന്യൂനപക്ഷ കമീഷൻ അറിയിച്ചു.