ന്യൂഡൽഹി
കേന്ദ്രപെൻഷൻകാർക്ക് 65 വയസ്സ് കഴിഞ്ഞാൽ ആനുപാതിക പെൻഷൻ വർധന നടപ്പാക്കണമെന്ന ആവശ്യം ഉടനൊന്നും യാഥാർഥ്യമാകില്ല. ശുപാർശ ധനമന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് അയച്ചിരിക്കയാണ്. പെൻഷൻ കാര്യങ്ങളിൽ അധിക ബാധ്യത ഏറ്റെടുക്കേണ്ടതില്ലെന്നതാണ് ധനമന്ത്രാലയത്തിന്റെ പ്രഖ്യാപിത നയം. ഇപിഎഫ് കുറഞ്ഞ പെൻഷൻ ഉയർത്തണമെന്ന തൊഴിൽമന്ത്രാലയത്തിന്റെ ശുപാർശ നിരാകരിക്കുകയാണ് ധനമന്ത്രാലയം ചെയ്തത്.
ശമ്പളത്തിനു ആനുപാതികമായി ഉയർന്ന ഇപിഎഫ് പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം അപ്പീൽ നൽകുകയും ചെയ്തു. 2003നുശേഷം സർവീസിൽ പ്രവേശിച്ചവർക്ക് പഴയ പെൻഷൻ പദ്ധതി ബാധകമാക്കാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
നിലവിൽ സർവീസ് പെൻഷൻകാർക്ക് 80 വയസ്സിനുശേഷമാണ് അടിസ്ഥാനപെൻഷന്റെ 20 ശതമാനം വർധന ലഭിക്കുന്നത്. 65 വയസ്സുമുതൽ ആനുപാതികമായി വർധന നടപ്പാക്കണമെന്ന് പഴ്സണൽ മന്ത്രാലയം സ്റ്റാൻഡിങ് കമ്മിറ്റി കഴിഞ്ഞ വർഷം ശുപാർശ ചെയ്തിരുന്നു. 65–-ാം വയസ്സിൽ അഞ്ച് ശതമാനം, 70ൽ 10 ശതമാനം, 75ൽ 15 ശതമാനം എന്ന ക്രമത്തിൽ വർധന. ഇതിന്റെ സാമ്പത്തികബാധ്യത പരിശോധിക്കാൻ ധനമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിടുകയാണ് കേന്ദ്രം ചെയ്തത്.