ന്യൂഡൽഹി
കോവിഡ് സഹായധനത്തിന് 2020 മാർച്ച് 20നു മുമ്പുള്ള മരണങ്ങളിൽ 60 ദിവസത്തിനുള്ളിലും ഭാവിയിൽ സംഭവിക്കാൻ ഇടയുള്ള മരണങ്ങൾക്ക് 90 ദിവസങ്ങൾക്കുള്ളിലും അപേക്ഷ സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.അനന്തമായി സമയം അനുവദിക്കുന്നത് ശരിയല്ലെന്ന കേന്ദ്രത്തിന്റേയും ചില സംസ്ഥാനങ്ങളുടെയും വാദം അംഗീകരിച്ചാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
30 ദിവസങ്ങൾക്കുള്ളിൽ അപേക്ഷകൾ തീർപ്പാക്കണം. അസാധാരണ സാഹചര്യങ്ങളിൽ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് പരാതി പരിഹാര സംവിധാനങ്ങളെ സമീപിക്കാം. കോവിഡിന് ഇരയായവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാരുകൾ 50,000 രൂപയാണ് സഹായധനം അനുവദിക്കുന്നത്.
അപേക്ഷയില് സൂക്ഷ്മപരിശോധന നടത്തും
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് സഹായധന അപേക്ഷകളിൽ അഞ്ചുശതമാനം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രീംകോടതി അനുമതി നൽകി. കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ അപേക്ഷകൾ പരിശോധിക്കാമെന്നാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. വ്യാജരേഖ സമർപ്പിച്ച് സഹായധനം തട്ടുന്നുവെന്ന കേന്ദ്രസർക്കാർ അപേക്ഷയിലാണ് കോടതി ഇടപെടൽ. ആദ്യഘട്ടമായി മൊത്തം അപേക്ഷകളിൽ അഞ്ചു ശതമാനം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. സംസ്ഥാനങ്ങൾ പരിശോധനകൾ നടത്തിയ ശേഷം ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും കൈമാറണം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മൂന്നു മാസത്തിനുള്ളിൽ കേന്ദ്രം റിപ്പോർട്ട് കൈമാറണമെന്നും കോടതി നിർദേശിച്ചു.
റിപ്പോർട്ട് ചെയ്ത മരണത്തിന്റെ ഇരട്ടിയോ അതിലധികമോ അപേക്ഷ വന്നത് സംശയാസ്പദമാണെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിൽ ഇത്തരം ഒരു സാഹചര്യം നിലനിൽക്കുന്നില്ലെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചിട്ടുണ്ട്.