ഷാർജ> ഷാർജയിലെ വികസനപ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിച്ച് മാർഗനിർദേശങ്ങൾ നൽകി ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) ചെയർപേഴ്സൺ ബുദൂർ അൽ ഖാസിമി. സുസ്ഥിരവികസന കാഴ്ചപാടുകൾ അടിസ്ഥാനമാക്കി ഷാർജ റഹ്മാനിയയിലൊരുങ്ങുന്ന സസ്റ്റൈനബിൾ സിറ്റി, നഗരത്തിനടുത്തുള്ള അൽ ഹിറ ബീച്ച് എന്നീ പദ്ധതികളാണ് ബുദൂർ അൽ ഖാസിമി സന്ദർശിച്ചത്. ഷുറൂഖ് ആക്റ്റിങ് സിഇഓ അഹ്മദ് ഒബൈദ് അൽ ഖസീർ, സസ്റ്റൈനബിൾ സിറ്റി സിഇഓ മുഹമ്മദ് യൂസഫ് അൽ മുത്തവ എന്നിവരും വിവിധ വിഭാഗങ്ങളുടെ തലവന്മാരും പരിശോധനാ സന്ദർശനത്തിൽ കൂടെയുണ്ടായിരുന്നു.
നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനോടൊപ്പം ഓരോ കേന്ദ്രത്തിലും ആസൂത്രണം ചെയ്തിട്ടുള്ള സൗകര്യങ്ങളും പ്രവർത്തനസംവിധാനങ്ങളും സന്ദർശനത്തിൽ വിശദീകരിക്കപ്പെട്ടു. വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനും ഷാർജയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും, സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കാൻ പിന്തുടരുന്ന കർശനമായ മാനദണ്ഡങ്ങളെക്കുറിച്ചും മേധാവികൾ വിശദീകരിച്ചു.
ഉന്നതനിലവാരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാനും നിശ്ചിതസമയത്തിനുള്ളിൽ അത് പ്രാവർത്തികമാക്കാനും പരിശ്രമിക്കുന്നവരോടും പദ്ധതിയുടെ വിവിധഘട്ടങ്ങളിൽ അതിന്റെ ഭാഗമായവരോടും ബുദൂർ അൽ ഖാസിമി നന്ദി പറഞ്ഞു. പരിസ്ഥിതിസൗഹൃദ വികസനസങ്കൽപ്പങ്ങളിൽ അടിയുറച്ച് വൈവിധ്യമാർന്ന നിക്ഷേപഅവസരങ്ങളുണ്ടാക്കുകയെന്ന ഷുറൂഖ് കാഴ്ചപ്പാടിന്റെ മികച്ച ഉദാഹരണമാണ് ഷാർജ സുസ്ഥിരവികസന നഗരമെന്ന് ചൂണ്ടിക്കാട്ടിയ ബുദൂർ, പ്രവാസികൾക്കും തദ്ദേശീയർക്കും ഒരുപോലെ പ്രിയപ്പെട്ട വിനോദകേന്ദ്രങ്ങളിലൊന്നായി അൽ ഹിറ ബീച്ച് മാറുമെന്നും അതുവഴി ആ പ്രദേശത്തിന്റെ തന്നെ മുഖച്ഛായ മാറുമെന്നും പറഞ്ഞു.
കാലാവസ്ഥാ മാറ്റമെന്ന പ്രതിസന്ധിയെ നേരിടാൻ പരിസ്ഥിതി സൗഹൃദ സുസ്ഥിരവികസനത്തിന്റെ പുതിയ മാതൃകയൊരുക്കി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയും (ശുറൂഖ്) ഡയമണ്ട് ഡെവലപ്പേഴ്സും ചേർന്നൊരുക്കുന്ന പദ്ധതിയാണ് അൽ റഹ്മാനിയയിലെ ഷാർജ സസ്റ്റൈനബിൾ സിറ്റി. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് 2019ൽ പദ്ധതി അനാവരണം ചെയ്തത്.
7.2 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ 2 ബില്യൺ ദിർഹം ചെലവഴിച്ചു നിർമിക്കുന്ന സുസ്ഥിര നഗരത്തിൽ 1120 ഉന്നത നിലവാരത്തിലുള്ള പരിസ്ഥിതിസൗഹൃദ വില്ലകളുണ്ടാവും. വൈദ്യുതി ഉപഭോഗത്തിൽ നൂറു ശതമാനം വരെ കുറവ് വരുത്താൻ പാകത്തിലുള്ള സൗരോർജ പ്ലാന്റുകൾ, പുനരുപയോഗം എന്ന ആശയത്തിൽ ഒരുക്കുന്ന ജലവിതരണ സംവിധാനം, ഇ-ഗതാഗതസംവിധാനം എന്നിങ്ങനെ പരിസ്ഥിതി – സാമൂഹ്യ – സാമ്പത്തിക മേഖലകളിലെല്ലാം ഉന്നതനിലവാരത്തിലുള്ള സുസ്ഥിരആശയങ്ങൾ പ്രാവർത്തികമാക്കും.
വില്ലകളോടുചേർന്നുള്ള കൃഷിസ്ഥലങ്ങളിൽ ശുദ്ധീകരിച്ച വെള്ളമായിരിക്കും ഉപയോഗിക്കുക. വില്ലകളിൽ താമസിക്കുന്നവർക്ക് ഉപയോഗിക്കാനുള്ള പഴവർഗ്ഗങ്ങളും പച്ചക്കറികളും സമീപത്തെ തോട്ടങ്ങളിൽ ഉത്പാദിപ്പിക്കാനും ഹരിത വികസനപദ്ധതി എന്നുകൂടി വിശേഷിപ്പിക്കുന്ന സസ്റ്റൈനബിൾ സിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റെസ്റ്ററന്റുകൾ, തിയേറ്ററുകൾ, ഹെൽത്ത് സെന്റർ, ജോഗിങ് ട്രാക്ക്, ഷോപ്പിങ് മാളുകൾ അടക്കമുള്ള സൗകര്യങ്ങളുമുണ്ടാവും.
ഷാർജ നഗരത്തിനടുത്ത്, അറേബ്യൻ ഗൾഫിന് അഭിമുഖമായാണ് അൽ ഹിറ ബീച്ചൊരുങ്ങുന്നത്. 87 ദശലക്ഷം ദിർഹംസ് ചെലവഴിച്ചാണ് 3.6 കീലോമീറ്റർ നീളമുള്ള തീരത്തിന്റെ വികസനം. മൂന്നര കിലോമീറ്ററോളം നീളമുള്ള ജോഗിങ് ട്രാക്ക്, പൂന്തോട്ടങ്ങൾ, സൈക്ലിങ് ട്രാക്ക്, ഫുട്ബോൾ കോർട്ടുകൾ, ഫുഡ് ട്രക്കുകൾ, ഭക്ഷണശാലകൾ, വിശ്രമകേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, പ്രാർഥനകേന്ദ്രം തുടങ്ങി അതിഥികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാവും. 700 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
നിലവിൽ ഭാഗികമായി സന്ദർശകർക്ക് തുറന്നിട്ടുള്ള അൽ ഹിറ ബീച്ചിൽ കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, ചെറുഭക്ഷണശാലകൾ, കരകൗശലവിപണന സ്റ്റാളുകൾ എന്നിവയൊരുക്കിയിട്ടുണ്ട്. നിലവിൽ 98 ശതമാനത്തോളം നിർമാണം പൂർത്തിയായ പദ്ധതി ജൂൺ മാസത്തോടെ പൂർണമായും പ്രവർത്തനസജ്ജമാകും.